Sports
അര്‍ണബിന്റെ ക്ഷണം നിരസിച്ച് സെവാഗ്അര്‍ണബിന്റെ ക്ഷണം നിരസിച്ച് സെവാഗ്
Sports

അര്‍ണബിന്റെ ക്ഷണം നിരസിച്ച് സെവാഗ്

Alwyn
|
22 Oct 2017 8:27 AM GMT

ഒരു ട്വീറ്റിന് രണ്ടു പക്ഷി എന്ന പുതുമൊഴിയുടെ വക്താവായിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

ഒരു ട്വീറ്റിന് രണ്ടു പക്ഷി എന്ന പുതുമൊഴിയുടെ വക്താവായിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. റിയോ ഒളിമ്പിക്സിനു പിന്നാലെയാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പീയേഴ്‍സ് മോര്‍ഗനും സെവാഗും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമായത്. കൊണ്ടുംകൊടുത്തും ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇരുവര്‍ക്കുമിടയിലെ വാക് യുദ്ധത്തിന്റെ വ്യാപ്തി തേടി ടൈംസ് നൌ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി സെവാഗിനെ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സ്വന്തമാക്കും മുമ്പ് ഇന്ത്യ അടുത്ത ഒളിമ്പിക് സ്വര്‍ണം നേടിയാല്‍ പത്തു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ഇതൊരു പന്തയമായി സ്വീകരിക്കാമോയെന്നുമായിരുന്നു മോര്‍ഗന്റെ ഏറ്റവുമൊടുവിലെ വെല്ലുവിളി. എന്നാല്‍ ഇന്ത്യ ഒളിമ്പിക്സില്‍ ഒമ്പത് സ്വര്‍ണം നേടിയിട്ടുണ്ടെന്നും ഇംഗ്ലണ്ട് മരുന്നിനു പോലും ലോകകപ്പ് നേടിയിട്ടില്ലെന്നുമായിരുന്നു സെവാഗിന്റെ മറുപടി. ജീവകാരുണ്യത്തിന്റെ കാര്യത്തിലാണെങ്കില്‍ ഞങ്ങളുടെ കോഹിന്നൂര്‍ രത്നം നിങ്ങളുടെ കൈയ്യിലാണല്ലോ എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മോര്‍ഗന്റെ ഇന്ത്യക്കാരേക്കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് വിലയിരുത്താന്‍ സെവാഗിനെ അര്‍ണബ് ചര്‍ച്ചക്ക് ക്ഷണിച്ചത്. എന്നാല്‍ ആ ബ്രിട്ടീഷുകാരന്‍ ഇത്തരത്തിലൊരു പ്രക്ഷേപണ സമയം അര്‍ഹിക്കുന്നില്ലെന്നായിരുന്നു സെവാഗിന്റെ മറുപടി. മോര്‍ഗന്റെയും സെവാഗിന്റെയും യുദ്ധത്തിന് മൂര്‍ച്ച കൂട്ടാനുള്ള അര്‍ണബിന്റെ തന്ത്രത്തിനും കൂടിയുള്ള മറുപടിയായിരുന്നു സെവാഗ് നല്‍കിയത്. സെവാഗിന്റെ മറുപടിയില്‍ അര്‍ണബിനെയാണോ മോര്‍ഗനെയാണോ ഉദ്ദേശിക്കുന്നതെന്ന സംശയവും ധ്വനിപ്പിക്കുന്നുണ്ട്. കാരണം, ഇന്ത്യക്കാരെക്കുറിച്ചുള്ള ആ ബ്രിട്ടീഷുകാരന്റെ കാഴ്ചപ്പാടുകള്‍ ന്യൂസ് അവറില്‍ പങ്കെടുത്ത് പങ്കുവെക്കാന്‍ അര്‍ണബ് തന്നോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അയാള്‍ അതിനുള്ള സംപ്രേക്ഷണ സമയം അര്‍ഹിക്കുന്നില്ലെന്നായിരുന്നു സെവാഗ് പറഞ്ഞത്. ഇതോടെ ട്വിറ്ററിലെ ആരാധകര്‍ സെവാഗ് ആരുടെ അര്‍ഹതയെ കുറിച്ചാണ് പ്രതികരിച്ചതെന്ന സംശയവുമായി രംഗത്തെത്തുകയായിരുന്നു.

Similar Posts