കീറിയ ജെഴ്‍സിയും പൊട്ടിയ പന്തും; ഫ്രഞ്ച് - സ്വിസ് പോരാട്ടത്തിലെ വേറിട്ട കാഴ്ചകള്‍
|ഫ്രാന്‍സ്- സ്വിറ്റ്സര്‍ലന്‍ഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും ചില അസാധാരണ സംഭവങ്ങള്‍ ചിരി പടര്‍ത്തി.
ഫ്രാന്‍സ്- സ്വിറ്റ്സര്‍ലന്‍ഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും ചില അസാധാരണ സംഭവങ്ങള്‍ ചിരി പടര്‍ത്തി. സ്വിസ് താരങ്ങളുടെ ജെഴ്സി ഒന്നിന് പിറകെ ഒന്നായി കീറിയതും മത്സരത്തിനിടക്ക് പന്ത് പൊട്ടിയതുമാണ് മത്സരത്തെ വേറിട്ടതാക്കിയത്.
മത്സരം തുടങ്ങി പത്താം മിനിറ്റില്‍ സിസോകോയുമായുള്ള പിടിവലിക്കിടെ മെഹ്മദിയുടെ ജെഴ്സി കീറിയപ്പോള്‍ അത് സാധാരണ സംഭവമെന്നേ കാണികളും താരങ്ങളും വിചാരിച്ചിട്ടുണ്ടാകൂ. കീറിയ ജെഴ്സി മാറ്റി പുതിയതിടാന്‍ മെഹ്മദിക്ക് റഫറി അവസരവും നല്‍കി. അധികം വൈകിയില്ല. ബ്രീല്‍ ഒമ്പോളോയുടെ ജെഴ്സിയും നാല് കഷ്ണമായി. ഗ്രെയ്ന്‍റ് സാക്കയുടേതായിരുന്നു അടുത്ത ഊഴം. ജെഴ്സി മാറ്റം തുടരുന്നതിനിടയാണ് പന്തിന്റെ കാറ്റ് പോകുന്നത്. ഗ്രീസ്മാനില്‍ നിന്നും പന്ത് തട്ടിയെടുക്കാനുള്ള ബെഹ്റാമിയുടെ ശ്രമത്തിനൊടുവില്‍ പന്ത് പൊട്ടി. പിടിവലികള്‍ക്കൊടുവില്‍ ഇനിയും ഈ ജെഴ്സി പറ്റില്ലെന്ന് തോന്നിയതുകൊണ്ടാകാം മത്സരം തീരാന്‍ അഞ്ച് മിനിറ്റുള്ളപ്പോള്‍ സാക്ക പുതിയ ജെഴ്സി ഇട്ടത്. ഏതായാലും സ്വിറ്റ്സര്‍ലന്‍ഡിന്റെ ജെഴ്സി സ്പോണ്‍സര്‍മാരായ പ്യൂമക്ക് ഇത് വലിയൊരു നാണക്കേടായിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇത്ര ഗുണനിലവാരമില്ലാത്ത ജെഴ്സി നല്‍കിയ പ്യൂമ എന്തായാലും ഇതിന് വലിയ വില കൊടുക്കേണ്ടി വരും.