റിയോയില്‍ അഭിമാനമായി സിന്ധു, രണ്ടാം റാങ്കുകാരിയെ തോല്പിച്ച് സെമിയില്‍
|ക്വാര്‍ട്ടറില്‍ ചൈനയുടെ വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ നേട്ടം
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ചൈനയുടെ വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ നേട്ടം. 22-20, 21-19 എന്നിങ്ങനെയാണ് സ്കോര്‍. നാളെ നടക്കുന്ന സെമിയില്‍ സിന്ധു ജപ്പാന് താരത്തെ നേരിടും.
ലോക രണ്ടാം നമ്പര്‍ താരവും ലണ്ടന്‍ വെള്ളിമെഡല്‍ ജേതാവുമായ വാങ് യിഹാനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. പത്താം റാങ്കുകാരിയുടെ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് സിന്ധു മത്സരത്തെ നേരിട്ടത്. ആവേശവും ആകാംഷയും നിറഞ്ഞുനിന്ന സെമിപോരാട്ടം. ആദ്യ ഗെയിമിലുടനീളം ആധിപത്യം വാങ് യിഹാന്. 13-13 പോയിന്റിന് സിന്ധു യിഹാനൊപ്പമെത്തി. ഒടുവില്‍ മത്സരത്തിന്റെ ഗതി മാറ്റിയ സ്മാഷിന് ശേഷം സിന്ധുവിന് ലീഡ്. 14-15 ലീഡ് വിട്ടുകൊടുക്കാതെ 22-20ന് ആദ്യഗെയിം സിന്ധുവിന്. ആദ്യഗെയിമിന്റെ ആധികാരികതയില്‍ രണ്ടാം ഗെയിം സിന്ധു ലീഡോടെ തുടങ്ങി. അതുവരെ ആക്രമിച്ച് കളിച്ച യിഹാന് സിന്ധുവിന് മുന്നില്‍ പതറി. ഒരു ഘട്ടത്തില്‍ സിന്ധുവിന് അഞ്ച് പോയിന്റ് ലീഡ് 8-3
സിന്ധുവിന് ശക്തമായ വെല്ലുവിളിയുയര്‍ത്തി യിഹാന്റെ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍. തുടര്‍ച്ചയായി ആറ് പോയിന്റ് നേടി യിഹാന് സിന്ധുവിനൊപ്പമെത്തി. 18-18. രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് യിഹാന് ലീഡ് പിടിച്ചത്. എന്നാല്‍ യിഹാന് സന്തോഷ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ അവസാനഘട്ടം. 19-19. 20-19ലേക്ക് ലീഡുയര്‍ത്തിയ സിന്ധുവിന് ഒരു പോയിന്റകലെ സെമി. 30 മിനിട്ടോളം നീണ്ടുനിന്ന ആകാംഷ തകര്‍ത്ത് സിന്ധുവിന്റെ തകര്‍പ്പന്‍ സ്മാഷ്. സൈന നെഹ്വാളിന് ശേഷം ഒളിമ്പിക്സില്‍ സെമിയിലെത്തുന്ന താരമാണ് പി.വി സിന്ധു.