ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യ – ഓസീസ് നായകന്മാരുടെ പോരാട്ടം
|ഇതാദ്യമായാണ് ഇത്രയധികം ഓസീസ് താരങ്ങള്‍ ഐപിഎല്ലിന്റെ ഒരു സീസണില്‍ നായകന്മാരാകുന്നത്
ഐപിഎല്‍ പത്താം സീസണും, ഇന്ത്യാ ഓസീസ് താരപ്പോര് കൊണ്ട് ശ്രദ്ധേയമാകും. നാല് ഓസീസ് താരങ്ങളാണ് ഇത്തവണ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരാകുന്നത്. ഓസീസ് താരങ്ങളുടെ നായകത്വമികവ് ഇന്ത്യ അംഗീകരിച്ചതിന്റെ തെളിവാണിതെന്ന വാദവുമായി ഓസീസ് മാധ്യമങ്ങള്‍ രംഗത്ത് വന്നു
ഇതാദ്യമായാണ് ഇത്രയധികം ഓസീസ് താരങ്ങള്‍ ഐപിഎല്ലിന്റെ ഒരു സീസണില്‍ നായകന്മാരാകുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാര്‍ണറും റൈസിംഗ് പുനെ സൂപ്പര്‍ ജയിന്റിനായി സ്റ്റീവ് സ്മിത്തും. കിംഗ്സ് ഇലവന് പഞ്ചാബിനായി ഗ്ലെന്‍ മാക്സ്വെല്ലും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഷെയിന്‍ വാട്സണും ക്യാപ്റ്റന്റെ കുപ്പായത്തിലെത്തും. ഡേവിഡ് വാര്‍ണറാണ് ഓസീസ് ക്യാപ്റ്റന്മാരില് പ്രമുഖന്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കിരീടം ചൂടിയത് ഡേവിഡ് വാര്‍ണറുടെ കരുത്തിലാണ്. ആ മികവാണ് ഇത്തവണയും വാര്‍ണറെ നിലനിര്‍ത്താന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുനെ സൂപ്പര്‍ ജയന്റിസന്റെ നായകനായത്. ഇതോടെ ധോണി സ്മിത്തിന് കീഴില്‍ കളിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിനാകും ഐ.പി.എല്‍ സാക്ഷ്യം വഹിക്കുക. മുരളി വിജയ്ക്ക് പകരമാണ് ഗ്ലെന്‍ മാക്സ്വെല്ലിനെ കിംഗ്സ് ഇസലവന് പഞ്ചാബ് നായകനാക്കിയത്.
ഷെയിന്‍ വാട്സണാണ് അപ്രതീക്ഷിതമായി നായകസ്ഥാനത്തേക്കെത്തിയ മറ്റൊരു ഓസ്ട്രേലിയക്കാരന്. നിലവിലെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയും ഉപനായകനായിരുന്ന എ.ബി ഡിവില്ലിയേഴ്സും പരിക്ക് മൂലം പുറത്തായതോടെയാണ് വാട്ട്സണ് നറുക്ക് വീണത്. ബാക്കി നാല് ടീമുകളെ ഇന്ത്യന്‍ താരങ്ങളാണ് നയിക്കുന്നത്. ഇന്ത്യ - ഓസ്ട്രേലിയ താരങ്ങള്‍ മാത്രമാണ് ഇത്തവണ ക്യാപ്റ്റന്മാരുകന്നതെന്ന സവിശേഷതയും പത്താം സീസണിനുണ്ട്.