ഇരട്ടശതകം നഷ്ടമായെങ്കിലും ധവാന്റേത് തകര്‍പ്പന്‍ ഇന്നിങ്‌സ്
|168 പന്തില്‍ നിന്നാണ് ധവാന്‍ 190 റണ്‍സ് അടിച്ചെടുത്തത്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ക്രീസ് വിട്ടത് തലയുയര്‍ത്തി. ഇരട്ട ശതകത്തിന് പത്ത് റണ്‍സ് അകലെ നുവാന്‍ പ്രദീപിന്റെ പന്തില്‍ ധവാനെ മാത്യൂസ് പിടികൂടുകയായിരുന്നു. ഏകദിന ശൈലിയിലായിരുന്നു ധവാന്‍ ബാറ്റ് വീശിയത്. 168 പന്തില്‍ നിന്നാണ് ധവാന്‍ 190 റണ്‍സ് അടിച്ചെടുത്തത്. 31 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ടെസ്റ്റില്‍ മോശം ഫോമിനെ തുടര്‍ന്ന് ധവാനെ പുറത്തിരുത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ടീമിനെ പ്രഖ്യാപിച്ചിരുന്നപ്പോഴും ധവാന് സ്ഥാനമില്ലായിരുന്നു.
എന്നാല്‍ മുരളി വിജയിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ധവാന് ടീമിലെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെയും തുടര്‍ന്ന് വന്ന വിന്‍ഡീസ് പരമ്പരയിലേയും മികവാണ് ധവാന് തുണയായത്. അവസരം മുതലെടുത്ത ധവാന്‍ ഇന്നത്തെ മത്സരത്തില്‍ തുടക്കം മുതലെ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 110 പന്തില്‍ നിന്നായിരുന്നു ധവാന്റെ സെഞ്ച്വറി. അതും ബൗണ്ടറി പായിച്ച്. പിന്നീടങ്ങോട്ട് ധവാന്റെ കുതിപ്പായിരുന്നു. സ്പിന്‍, പേസ് ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചെങ്കിലും സുന്ദരമായ പ്ലേസിങ്ങിലൂടെ ധവാന്‍ പന്തുകളെ അതിര്‍ത്തികടത്തി. ടെസ്റ്റില്‍ ധവാന്റെ ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്നത്. ഒപ്പം ടെസ്റ്റിലെ അഞ്ചാമത്തെ സെഞ്ച്വറിയും. ചായക്കും ലഞ്ചിനും ഇടയില്‍ 126 റണ്‍സാണ് ധവാന്‍ അടിചെടുത്തത്. ഒരൊറ്റ സെഷനില്‍ ഇത്രയും റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാനും ധവാനായി. 133 റണ്‍സ് നേടിയ സെവാഗാണ് മുന്നില്‍.