മൊഹാലി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
|രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറിന് 271 റണ്‍സെന്ന നിലയിലാണ് ഇന്ത്യ...
മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറിന് 271 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 57 റണ്‍സുമായി ആര്‍ അശ്വിനും 31 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇന്ത്യക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറി നേടി.
എട്ടിന് 268 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. 15 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടിചേര്‍ക്കാനായത്. ആദില്‍ റാഷിദിനേയും ഗരത് ബാറ്റിയേയും മുഹമ്മദ് ഷാമി മടക്കി അയച്ചു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കും തിരിച്ചടിയേറ്റു. മുരളി വിജയിനെ 12 റണ്‍സിന് പുറത്താക്കി ബെന്‍ സ്‌റ്റോ ഇംഗ്ലണ്ടിന് ആദ്യബ്രേക്ക് നല്‍കി
എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് കളിക്കുന്ന പാര്‍ഥീവ് പട്ടേല്‍ 42 റണ്‍സെടുത്തു. രണ്ടിന് 73 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നത്. അര്‍ധ സെഞ്ച്വറി നേടി ഇരുവരും കളി ഇന്ത്യയുടെ വരുതിയിലാക്കി. 51 റണ്‍സെടുത്ത പൂജാരയെ ആദില്‍ റാഷിദ് മടക്കി അയച്ചു. അജിങ്കെ രാഹാനെയെ അക്കൗണ്ട് തുറപ്പിക്കാതെ ആദില് റാഷിദ് പുറത്താക്കി. കരുണ്‍ നായരെ ജോസ് ബട്ട്‌ലര്‍ റണ്ണൗട്ടാക്കി.
വന്‍ തകര്‍ച്ച നേരിട്ടപ്പോഴാണ് അശ്വിനും ജഡേജയും ഇന്ത്യയുടെ രക്ഷകരായത്. 77 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അശ്വിന്‍ പുറത്താകാതെ നില്‍ക്കുന്നുണ്ട്. ഒപ്പം 31 റണ്‍സുമായി ജഡേജയും. 13 റണ്‍സ് കൂടി എടുത്താല്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌ക്കോര്‍ ഇന്ത്യക്ക് മറികടക്കാം.