സിന്ധുവിന്റെ ഗ്ലാമര്‍ പോരാട്ടമടക്കം ഇന്ത്യക്കിന്ന് എട്ടിനങ്ങളില്‍ പോരാട്ടം
|പിവി സിന്ധുവിന്റെ ഫൈനലടക്കം ഇന്ത്യക്കിന്ന് എട്ടിനങ്ങളില്‍ മത്സരങ്ങള്‍. ബാഡ്മന്റണ്‍ കൂടാതെ ഗുസ്തിയിലും റിലേയിലുമാണ് പ്രധാന മത്സരങ്ങള്‍.
പിവി സിന്ധുവിന്റെ ഫൈനലടക്കം ഇന്ത്യക്കിന്ന് എട്ടിനങ്ങളില്‍ മത്സരങ്ങള്‍. ബാഡ്മന്റണ്‍ കൂടാതെ ഗുസ്തിയിലും റിലേയിലുമാണ് പ്രധാന മത്സരങ്ങള്‍.
വനിതകളുടെ ഗോള്‍ഫില്‍ മൂന്നാം റൌണ്ട് മത്സരങ്ങളാണ് ആദ്യം നടക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന അതിഥി അശോക് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യത ഏറെയാണ്. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുകയാണെങ്കില്‍ അതിഥിയിലൂടെ ഇന്ത്യക്ക് ഒരു മെഡല്‍ സ്വപ്നം കാണാം. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 57 കിലോ വിഭാഗത്തില്‍ സന്ദീപ് തോമറും മത്സരിക്കാനിറങ്ങും.
വൈകീട്ട് ആറര മുതലാണ് ഗുസ്തി മത്സരങ്ങള്‍. 4x400 മീറ്റര്‍ റിലേയുടെ ഹീറ്റ്സ് മത്സരങ്ങളും ഇന്ന് നടക്കും. പുരുഷ വനിതാ ടീമുകളില്‍ രണ്ട് വീതം മലയാളികളുണ്ട്. പുരുഷ ടീമില്‍ മുഹമ്മദ് അനസും കുഞ്ഞിമുഹമ്മദുമാണ് മത്സരിക്കുന്നത്. ജിസ്ന മാത്യുവും അനില്‍ഡ തോമസുമാണ് വനിതാ ടീമിലെ അംഗങ്ങള്‍. സീസണിലെ മികച്ച രണ്ടാമത്തെ സമയമാണ് പുരുഷ ടീമിന്റേത്. പക്ഷേ നിലവിലെ ചാമ്പ്യന്മാരായ ബഹാമസും കരുത്തരായ ബ്രിട്ടണുമുള്ള ഹീറ്റ്സിലാണ് ഇവര്‍ മത്സരിക്കുന്നത്. വനിതാ ടീം ജമൈക്കയും ബ്രിട്ടണുമടങ്ങുന്ന ഹീറ്റ്സില്‍ മത്സരിക്കും. നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് റിലേ മത്സരങ്ങള്‍. പുരുഷന്മാരുടെ 50 കിലോ മീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാറും വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഖുശ്ബിര്‍ കൌറും മത്സരിക്കുന്നുണ്ട്.