ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രകടനത്തില്‍ തൃപ്തനെന്ന് ശ്രീജേഷ്
|രാജ്യത്ത് ഹോക്കി വളര്‍ത്താന്‍ കൂടുതല്‍ സംവിധാനം ഒരുക്കണമെന്നും ശ്രീജേഷ് മീഡിയ വണ്ണിനോട് പറഞ്ഞു.
.ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ഭാവിയില്‍ വളരെ പ്രതീക്ഷയുണ്ടെന്ന് ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്. രാജ്യത്ത് ഹോക്കി വളര്‍ത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണ്. ഒളിംപിക്‌സിന് ദീര്‍ഘ ദൃഷ്ടിയോടെ തയാറെടുക്കാത്തതാണ് ഇന്ത്യക്ക് മെഡലുകള്‍ കുറയാന്‍ കാരണമെന്നും ശ്രീജേഷ് മീഡിയവണിനോട് പറഞ്ഞു
ഒളിംപിക്‌സിന് ശേഷം നാട്ടിലെത്തിയ ശ്രീജേഷ് മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്ത് ഹോക്കി വളരണമെങ്കില്‍ താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവശ്യമാണ്. കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ വേണം.
ഒളിംപിക്‌സിന് ദീര്‍ഘ ദൃഷ്ടിയോടെയുള്ള തയാറെടുപ്പുകള്‍ വേണം. ലണ്ടന്‍ ഒളിംപിക്‌സിന് നേരത്തെ തയാറെടുത്തതാണ് ഇന്ത്യ മികവ് പുലര്‍ത്താന്‍ കാരണമായത്. ഇന്ത്യയുടെ ഒളിംപിക്‌സ് ടീം അധികൃതര്‍ ഹോക്കി ടീമിന് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും ശ്രീജേഷ് പറഞ്ഞു.