സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 14 ന്
|മലപ്പുറം MSPHS ലാണ് കേരളത്തിന്റെ പ്രതീക്ഷ
സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഈ മാസം 14ന് ഡല്‍ഹിയില്‍ തുടക്കമാകും. വിദേശത്ത് നിന്നുള്‍പ്പെടെ 112 ടീമുകളാണ് ഒക്ടോബര്‍ 22 വരെ നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മലപ്പുറം MSPHS ലാണ് കേരളത്തിന്റെ പ്രതീക്ഷ.
സെപ്തംബര്‍ 14ന് മണിപ്പൂര്‍-അസ്സം അണ്ടര്‍ 14 സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തോടെയാണ് 57ാമത് സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാവുക. ഡല്‍ഹി അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 5നാണ് ഉദ്ഘാടന മത്സരം.
ബ്രസീല്‍, യുഎസ്എ, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നടക്കം 10 വിദേശ ടീമുകള്‍ മല്‍സര രംഗത്തുണ്ടാകും. സബ് ജൂനിയര്‍ ബോയ്സ് അണ്ടര്‍ 14, ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 17, ജൂനിയര്‍ ബോയ്സ് അണ്ടര്‍ 17 എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.
സെപ്തംബര്‍ 29, ഒക്ടോബര്‍ 10, 22 ദിവസങ്ങളില്‍ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കും. ജൂനിയര്‍ ആണ് - പെണ് വിഭാഗങ്ങളിലെ വിജയികള്‍ക്ക് 3,50,000 രൂപയും സബ് ജൂനിയര്‍ ആണ് കുട്ടികളുടെ വിഭാഗത്തിലെ വിജയികള്‍ക്ക് 2,50,000 രൂപയുമാണ് സമ്മാനം.
ഒക്ടോബര്‍ 22ന് നടക്കുന്ന സമാപനചടങ്ങളില് ബ്രസീല്‍ ഫുട്ബോള്‍ താരം റിവാള്‍ഡോയാണ് മുഖ്യാതിഥി.