ടെന്നീസില്‍ ജോക്കോവിച്ചിന്റെ കോട്ട പൊളിച്ച് മറെ
|തിങ്കളാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയാകും ഒന്നാമത്. പാരിസ് മാസ്റ്റേഴ്സിന്റെ ഫൈനലിലെത്തിയതാണ് മറെക്ക് ഗുണം ചെയ്തത്.
ലോക ടെന്നീസ് റാങ്കിങില്‍ നൊവാക് ജോക്കോവിച്ചിന്റെ ആധിപത്യത്തിന് അവസാനം. തിങ്കളാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയാകും ഒന്നാമത്. പാരിസ് മാസ്റ്റേഴ്സിന്റെ ഫൈനലിലെത്തിയതാണ് മറെക്ക് ഗുണം ചെയ്തത്.
പരിക്കിനെ തുടര്‍ന്ന് മിലോസ് റാവ്ണിച് സെമി ഫൈനലില്‍ നിന്നും പിന്മാറിയതോടെയാണ് ആന്‍ഡി മറെ ഫൈനലിലെത്തിയത്. ഇതോടെ ലോക റാങ്കിങിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ബ്രിട്ടിഷ് താരത്തിന് കഴിഞ്ഞു. അഭിമാനമുണ്ടെന്നും കഠിനാധ്വാനമാണ് റാങ്കിങിലെ ഒന്നാം സ്ഥാനം നേടിത്തന്നതെന്നുമായിരുന്നു മറെയുടെ പ്രതികരണം.
122 ആഴ്ച നീണ്ട ജോക്കോവിച്ചിന്റെ ആധിപത്യത്തിനാണ് ഇതോടെ അവസാനമായത്. 2016 ല്‍ വിംബിള്‍ഡണും ഒളിമ്പിക് സ്വര്‍ണ മെഡലും നേടിയ മറെ 11 എടിപി ഇവന്റുകളുടെ ഫൈനലിലെത്തി. ഈ വര്‍ഷം 73 മത്സരങ്ങളിലാണ് വിജയം നേടിയത്. 1973ല്‍ കമ്പ്യൂട്ടറൈസ്ഡ് റാങ്കിങ് നിലവില്‍ വന്ന ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന നേട്ടവും മറെ സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം കൂടിയാണ് മറെ. 2015ല്‍ ചരിത്രത്തിലാദ്യമായി ബ്രിട്ടണ്‍ ഡേവിസ് കപ്പ് സ്വന്തമാക്കിയത് മറെയുടെ പ്രകടന മികവിലായിരുന്നു. കരിയറിലിതുവരെ രണ്ട് വിംബിള്‍ഡണും ഒരു യുഎസ് ഓപ്പണും അടക്കം മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി.