ആസ്‌ത്രേലിയക്ക് 21 റണ്‍സ് വിജയം; പാകിസ്താന്‍ ലോകകപ്പില്‍ നിന്നും പുറത്ത്
|27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പാക് വിക്കറ്റുകള്‍ വീഴ്ത്തിയ ഫോക്‌നറാണ് കളിയിലെ കേമന്‍...
ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരെ ആസ്‌ത്രേലിയക്ക് 21 റണ്‍സ് ജയം. ആസ്‌ത്രേലിയ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 8ന് 172 റണ്‍സില്‍ അവസാനിച്ചു. ഇതോടെ പാകിസ്താന്റെ ട്വന്റി 20 ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു.
ആസ്‌ത്രേലിയ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താനുവേണ്ടി ഷര്‍ജീല്‍ഖാന്‍(30), ഖാലിദ് ലത്തീഫ്(46), ഉമര്‍ അക്മല്‍(32), ഷൊഹൈബ് മാലിക്(40*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അപ്രാപ്യമായ ഉയരത്തിലായിരുന്നു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് പാക് ഇന്നിംങ്‌സിന് തിരിച്ചടിയായി. 4 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയ ഫോക്‌നറാണ് കളിയിലെ കേമന്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്‌ത്രേലിയക്കുവേണ്ടി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും(61*) സ്റ്റീവ് വാട്‌സണും(44*) ഗ്ലെന്‍ മാക്‌സ്‌വെലു(30)മാണ് പ്രധാനമായും സ്‌കോര്‍ ചെയ്തത്. 43 പന്തില്‍ നിന്നും ഏഴ് ബൗണ്ടറികളോടെയായിരുന്നു സ്മിത്ത് 61 റണ്‍സ് നേടിയത്. വിരമിക്കല്‍ പ്രഖ്യാപിച്ച ഷൈന്‍ വാട്‌സനായിരുന്നു കൂടുതല്‍ അപകടകാരി. 21 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും അടിച്ചകൂട്ടിയാണ് വാട്‌സണ്‍ 44 റണ്‍സ് നേടിയത്. അപരാജിതമായ അഞ്ചാംവിക്കറ്റില്‍ സ്മിത്തും 74 റണ്‍സാണ് അടിച്ചുകൂട്ടിയത്.
പാകിസ്താനുവേണ്ടി വാഹിബ് റിയാസും ഇമാദ് വസീമും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അവസാന നാല് ഓവറില്‍ വാട്‌സണും സ്മിത്തും ചേര്‍ന്ന് 58 റണ്‍സാണ് അടിച്ചുകൂട്ടിയത്.
സെമി ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്കെതിരായ അവസാന ലീഗ് മത്സരം ഓസീസ് ജയിക്കണം. 27ന് ഞായറാഴ്ച്ച മൊഹാലിയില്‍ രാത്രി 07.30നാണ് ഇന്ത്യ ആസ്‌ത്രേലിയ പോരാട്ടം.