Sports
കലാപത്തിന് സാധ്യത; ടൂറിസ്റ്റുകള്‍ റയോ ഒളിമ്പിക്സിന് വരരുതെന്ന് റിവാള്‍ഡോകലാപത്തിന് സാധ്യത; ടൂറിസ്റ്റുകള്‍ റയോ ഒളിമ്പിക്സിന് വരരുതെന്ന് റിവാള്‍ഡോ
Sports

കലാപത്തിന് സാധ്യത; ടൂറിസ്റ്റുകള്‍ റയോ ഒളിമ്പിക്സിന് വരരുതെന്ന് റിവാള്‍ഡോ

admin
|
19 Jan 2018 3:04 AM GMT

റയോ ഒളിമ്പിക്സിന് സാക്ഷ്യം വഹിക്കാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന വിദേശികള്‍ക്ക് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റിവാള്‍ഡോയുടെ മുന്നറിയിപ്പ്.

റയോ ഒളിമ്പിക്സിന് സാക്ഷ്യം വഹിക്കാന്‍ കാനറികളുടെ നാട്ടിലേക്ക് പറക്കാന്‍ കാത്തിരിക്കുന്ന വിദേശികള്‍ക്ക് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റിവാള്‍ഡോയുടെ മുന്നറിയിപ്പ്. കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യം മുന്‍നിര്‍ത്തി ടൂറിസ്റ്റുകള്‍ ഒളിമ്പിക്സില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും റിവാള്‍ഡോ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ 17 കാരി കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് റിവാള്‍ഡോ മുന്നറിയിപ്പ് നല്‍കുന്നത്.

ഓരോ ദിവസം കഴിയുമ്പോഴും രാജ്യത്തെ സ്ഥിതി മോശമായി വരികയാണ്. റയോ ഒളിമ്പിക്സിനായി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന ഓരോരുത്തരോടും ഒന്നേ പറയാനുള്ളു, നിങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്വന്തം നാടുകളില്‍ തന്നെ കഴിയുക. ബ്രസീലില്‍ വന്ന് ജീവന്‍ പണയം വെക്കരുത്. ബ്രസീലിലെ ക്രമസാമാധാന നില മാറ്റാന്‍ ദൈവത്തിനു മാത്രമെ കഴിയൂവെന്നും റിവാള്‍ഡോ കുറിച്ചു. ഒളിമ്പിക്സിന് ഇനി മൂന്നു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ 11 പേരാണ് ഏപ്രിലില്‍ മാത്രം കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 307 പേരാണെന്ന് അടുത്തിടെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലാറ്റിന്‍ അമേരിക്കയില്‍ ആദ്യമായി ഒളിമ്പിക്സ് വിരുന്നെത്തുമ്പോള്‍ രാജ്യത്തെ ക്രമസമാധാന നില തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മരണകാഹളം മുഴക്കി എത്തിയ സിക വൈറസും മലിന ജലവും അഴിമതിയും സ്റ്റേഡിയം നിര്‍മാണത്തിലെ കാലതാമസവുമെല്ലാം ഒളിമ്പിക്സിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെല്ലാം പുറമെയാണ് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിന്റെ ഇംപീച്ച്മെന്റ് നടപടികളും.

Related Tags :
Similar Posts