Sports
കിരീട നേട്ടത്തില്‍ മതിമറന്ന് പോര്‍ച്ചുഗല്‍ നായകന്‍കിരീട നേട്ടത്തില്‍ മതിമറന്ന് പോര്‍ച്ചുഗല്‍ നായകന്‍
Sports

കിരീട നേട്ടത്തില്‍ മതിമറന്ന് പോര്‍ച്ചുഗല്‍ നായകന്‍

admin
|
24 Jan 2018 4:37 PM GMT

കാല്‍പ്പന്ത് കളിയുടെ ചരിത്ര പുസ്തകത്തില്‍ കരയുന്ന മെസിക്ക് മുകളില്‍ ക്രിസ്റ്റ്യാനോയുടെ ചിരിക്കുന്ന മുഖമുണ്ടാകും

പോര്‍ച്ചുഗലിന്റെ കിരീട നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന അവരുടെ നായകനാണ്. വര്‍ത്തമാനകാല ഫുട്ബോളില്‍ മെസിയാണോ ക്രിസ്റ്റ്യാനോയാണോ വലുതെന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം കൂടിയാണിത്.

സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. താനും വലിയൊരു സ്വപ്‌നത്തിനരികെയാണ്. അത് നഷ്ടപ്പെടുത്താന്‍ തനിക്കാകില്ല...'' ജീവിതത്തിന്റെ നിര്‍ണായക സന്ധിയില്‍ അവസാന പോരാട്ടത്തിനിറങ്ങുന്നതിന് തൊട്ടുമുന്പ് ക്രിസ്റ്റ്യാനോ റെണാള്‍ഡോ പറഞ്ഞ വാക്കുകളാണിത്.

സമകാലിക ഫുട്ബോളിന്റെ പോര്‍മുഖങ്ങളില്‍‌ ലയണല്‍ മെസിയുമായുള്ള അയാളുടെ ശീതയുദ്ധം അതിന്റെ ദശാസന്ധിയിലായിരുന്നു. ക്ലബ് ഫുട്ബോളില്‍ കൊണ്ടും കൊടുത്തും കണക്കു തീര്‍ത്ത് മുന്നേറിയ ഇരുവരും തോറ്റുപോയത് രാജ്യത്തിന് എന്തു നേടിക്കൊടുത്തുവെന്ന ചോദ്യത്തിന് മുന്നിലായിരുന്നു. നൂറ്റാണ്ടിന്റെ കോപയും കൈവിട്ട് നിരാശയുടെ കൊടുമുടിയില്‍ മെസി ആയുധമഴിച്ചുവെച്ചു. ഫുട്ബോള്‍ ലോകം പിന്നെ ക്രിസ്റ്റ്യാനോയിലേക്ക് കണ്ണുംനട്ടു നിന്നു. മെസിയുടെ വിധി അയാള്‍ക്കുമുണ്ടാകുമോയെന്ന ശങ്ക. കലാശപ്പോരാട്ടത്തിന്റെ 23 ആം മിനുട്ടില്‍ തന്നെ താങ്ങി നിര്‍ത്താനാവാതെ തളര്‍ന്ന കാല്‍മുട്ടിനെ ദയനീതയോടെ നോക്കി അയാള്‍ മൈതാനത്തിരുന്നു.

നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങള്‍ കയ്യെത്തും ദൂരെ തകര്‍ന്നു വീഴുകയാണെന്ന്ക്രിസ്റ്റ്യാനോക്ക് തോന്നി. സെന്റ് ഡെനീസ് മൈതാനം ഒരു വലിയ ശ്മശാനമായി തോന്നിയിട്ടുണ്ടാകണം. അയാള്‍ മെസിയെ പോലെ കരഞ്ഞു. സൈഡ് ബഞ്ചിലേക്ക് ക്രിസ്റ്റ്യാനോയെത്തുമ്പോള്‍ അതൊരു ആപല്‍ സൂചനയാണോയെന്ന് പോര്‍ച്ചുഗല്‍ ആരാധകരും ശങ്കിച്ചു. കപ്പിത്താനില്ലാതെയും കപ്പല്‍ തീരത്തേക്കടുക്കുന്നത് അയാള്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടിരുന്നത്. അവസാന നിമിഷങ്ങളായപ്പോഴേക്കും കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പം കളിപ്പിക്കാനിറങ്ങി.

നൂറ്റിയൊന്‍പതാം മിനുട്ടില്‍ എഡറിന്റെ മിന്നും ഷോട്ട് ഫ്രഞ്ച് ഗോളി ലോറിസിനെ മറികടന്ന് വലയിലെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ എഴുന്നേറ്റു. ഒരു നിമിഷം എല്ലാം മറന്നു. നേരത്തെ പോലെ വീണ്ടും കരഞ്ഞു. പിന്നെയും പതിനൊന്ന് മിനുട്ടുകള്‍. കഴിഞ്ഞു. ക്രിസ്റ്റ്യാനോ കരച്ചില്‍ നിര്‍ത്തി. അത് പിന്നെ കരയാനുള്ള സമയമായിരുന്നില്ല. ഇനി അയാള്‍ക്ക് ചിരിക്കാം.

കാല്‍പ്പന്ത് കളിയുടെ ചരിത്ര പുസ്തകത്തില്‍ കരയുന്ന മെസിക്ക് മുകളില്‍ ക്രിസ്റ്റ്യാനോയുടെ ചിരിക്കുന്ന മുഖമുണ്ടാകും. ഇതിഹാസങ്ങളായ യൂസേബിയോയും ലൂയിസ് ഫിഗോയും അയാള്‍ക്ക് താഴെ ഇരിക്കാന് തയ്യാറായേക്കും. ഒരു ഗോളടിച്ചിരുന്നെങ്കില്‍ യൂറോയിലെ ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും ക്രിസ്റ്റ്യാനോയെ തേടിയെത്തുമായിരുന്നു. പക്ഷെ ആ നിരാശയൊന്നും ഇപ്പോള്‍ അദ്ദേഹത്തെ അലട്ടുന്നില്ല. കാരണം അയാളിപ്പോള്‍ രാജ്യത്തിനും ലോകത്തിനും വേണ്ടപ്പെട്ടവനാണ്.

Similar Posts