Sports
ന്യൂസിലന്റിനെ അതേ നാണയത്തില്‍ തോല്‍പ്പിച്ച് ടീം ഇന്ത്യയുടെ തിരിച്ചുവരവ്ന്യൂസിലന്റിനെ അതേ നാണയത്തില്‍ തോല്‍പ്പിച്ച് ടീം ഇന്ത്യയുടെ തിരിച്ചുവരവ്
Sports

ന്യൂസിലന്റിനെ അതേ നാണയത്തില്‍ തോല്‍പ്പിച്ച് ടീം ഇന്ത്യയുടെ തിരിച്ചുവരവ്

Subin
|
7 Feb 2018 12:24 AM GMT

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ ന്യൂസിലന്റ്  ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേനാണയത്തില്‍ തോല്‍പ്പിച്ചാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നിരിക്കുന്നത്.

ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റ് ജയത്തോടെ ടീം ഇന്ത്യയുടെ തിരിച്ചുവരവ്. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ ന്യൂസിലന്റ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേനാണയത്തില്‍ തോല്‍പ്പിച്ചാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നിരിക്കുന്നത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 46 ഓവറില്‍ മറികടന്നു. ശിഖര്‍ ധവാന്റേയും(68) ദിനേശ് കാര്‍ത്തിക്കിന്റേ(64*)യും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

പൂനെയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നിശ്ചയദാര്‍ഡ്യത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യക്ക് തുണയായത്. ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍മാരെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. പതിനാറാം ഓവറില്‍ നാല് വിക്കറ്റിന് 58 റണ്‍സെന്ന നിലയിലേക്ക് ന്യൂസിലന്റ് തകര്‍ന്നു. ആദ്യ ഏകദിനത്തില്‍ കിവീസ് ഇന്നിംങ്‌സിന്റെ പ്രധാന സ്‌കോറര്‍മാരായ റോസ് ടെയ്‌ലറെ(21) പാണ്ഡ്യയും ലോതമിനെ(38) അസ്‌കര്‍ പട്ടേലും മടക്കി.

നിക്കോളസും(42) ഓള്‍റൗണ്ടര്‍ ഗ്രാന്റ് ഹോമും(41) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലന്റിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒടുവില്‍ 50 ഓവറുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ന്യൂസിലന്റ് സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയിലേക്കൊതുങ്ങി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും യുസ്‌വേന്ദ്ര ചാഹലും ബുംറയും രണ്ട് വിക്കറ്റു വീതവും നേടി.

പിന്നീട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയുടെ രോഹിത് ശര്‍മ്മയെ(7) സൗത്തി വേഗം മടക്കി. എന്നാല്‍ ധവാനും കോഹ്ലി(29)യും ചേര്‍ന്ന് സ്കോര്‍ 79 റണ്‍വരെയെത്തിച്ചു. ഗ്രാന്റ്‌ഹോമിന്റെ പന്തില്‍ കോഹ്ലി ലാത്തമിന്റെ കൈകളിലൊടുങ്ങി. ശിഖര്‍ധവാന്‍(68) ഒരു ലൂസ് ഷോട്ടിന് ശ്രമിച്ച് ടൈലര്‍ക്ക് കാച്ച് നല്‍കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 145ലെത്തിയിരുന്നു. പിന്നീടൊത്തു ചേര്‍ന്ന ദിനേശ് കാര്‍ത്തിക്കും (64*) പാണ്ഡ്യയും(30) ചേര്‍ന്നുള്ള കൂട്ടുകെട്ട് വിജയത്തിന് 27റണ്‍സടുത്തുവരെ എത്തിച്ചശേഷമാണ് പിരിഞ്ഞത്. ആറാമനായിറങ്ങിയ ധോണി(18*)ക്ക് ചടങ്ങ് പൂര്‍ത്തിയാക്കാനുള്ള പണിയേ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യയും ന്യൂസിലന്റും ഓരോ മത്സരം വീതം ജയിച്ചതോടെ 29ന് നടക്കുന്ന മൂന്നാം ഏകദിനം നിര്‍ണ്ണായകമായി.

Similar Posts