മിന്നും ജയത്തോടെ അര്‍ജന്റീന കോപ്പ ഫൈനലില്‍
|ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നായകന്റെ മികവില്‍ തന്നെയാണ് അര്‍ജന്റീന അനായാസ ജയം നേടിയത്.
കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോളില്‍ മെസിയുടെ മികവില്‍ അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന സെമിയില്‍ ആതിഥേയരായ അമേരിക്കയെ മറികടന്നത്.
ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നായകന്റെ മികവില്‍ തന്നെയാണ് അര്‍ജന്റീന അനായാസ ജയം നേടിയത്. ടൂര്‍ണമെന്റിലെ അഞ്ചാമത്തെ ഗോള്‍ നേട്ടത്തോടെ അര്‍ജന്റീനക്കായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമായി മെസി മാറി. എസ്ക്വല്‍ ലെവസി, മെസി, ഹിഗ്വൈന് (2) എന്നിവരാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്
അര്‍ജന്റീനയുടെ മുന്നേറ്റത്തോടെ ആരംഭിച്ച മത്സരത്തിന്റെ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന നായകന് മെസിയുടെ പാസില്‍ നിന്നും എസ്ക്വല്‍ ലെവസിയാണ് ഗോള്‍ കരസ്ഥമാക്കിയത്. കോര്‍ണറില്‍ നിന്നും തനിക്ക് ലഭിച്ച പന്ത് അമേരിക്കയുടെ പ്രതിരോധനിരയ്ക്ക് മുകളിലൂടെ ലെവസിക്ക് നല്‍കുകയായിരുന്നു മെസി. ലെവസിയാകട്ടെ ഗോളി ഗുസാന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പെ ഗോളാക്കി മാറ്റുകയും ചെയ്തു.
മത്സരം ഏകപക്ഷീയമായി മുന്നേറുന്നതിനിടെ 32ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നു.ബോക്സിന് പുറത്ത് മെസി എടുത്ത ഉശിരന്‍ ഇടങ്കാലന്‍ കിക്ക് പ്രതിരോധനിരക്കും ഇടത്തേക്ക് ചാടിയ ഗോളിക്കും പിടികൊടുക്കാതെ വലയില്‍ പതിക്കുകയും അര്‍ജന്റീന ലീഡ് രണ്ടായി ഉയര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ അന്‍പതാം മിനിറ്റിലാണ് അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ എത്തിയത്. ആദ്യ പകുതിയില്‍ അവസരങ്ങള്‍ നഷ്ടമാക്കിയ ഗോണ്‍സാലോ ഹിഗ്വൈനാണ് അര്‍ജന്റീനയുടെ മൂന്നാംഗോള്‍ നേടിയത്.
അമേരിക്ക ഗോള്‍ മടക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടത്താതിരിക്കുമ്പോള്‍ 86-ാം മിനിറ്റില്‍ നാലാം ഗോളും വീണു. ഇക്കുറിയും തലച്ചോര്‍ മെസ്സി തന്നെ. അമേരിക്കന്‍ പ്രതിരോധത്തെ ഡ്രിബിള്‍ ചെയ്ത് നെടുകെ പിളര്‍ന്നുകൊണ്ട് മെസ്സി കൊടുത്ത ക്രോസ് ഒന്ന് മെല്ലെ തൊടുകയേ വേണ്ടിവന്നുള്ളൂ ഹിഗ്വൈന്.
കൊളംബിയ - ചില സെമിഫൈനല്‍ വിജയികളാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.