യൂറോ കപ്പിലെ ഏറ്റവും വലിയ അട്ടിമറിയുമായി ഐസ്‍ലന്‍ഡ് ക്വാര്‍ട്ടറില്‍
|ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിനെതിരെ ഐസ്‌ലന്‍ഡിന്റെ ജയം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഐസ്‌ലന്‍ഡിന്റെ എതിരാളികള്‍.
ഈ യൂറോ കപ്പിലെ ഏറ്റവും വലിയ അട്ടിമറിയുമായി ഐസ്‍ലന്‍ഡ് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിനെതിരെ ഐസ്‌ലന്‍ഡിന്റെ ജയം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഐസ്‌ലന്‍ഡിന്റെ എതിരാളികള്‍.
കന്നിയങ്കക്കാരുടെ അപരിചിതത്വമോ ആശങ്കയോ ഇല്ലാതെ ഐസ്‍ലന്‍ഡ് കളം നിറഞ്ഞപ്പോള്‍ അവസാനിച്ചത് സൂപ്പര്‍ താരനിരയുമായെത്തിയ ഇംഗ്ലണ്ടിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകളാണ്. ആദ്യം മുന്നിലെത്തിയത് ഇംഗ്ലണ്ടാണ്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത് വെയ്ന്‍ റൂണി. ലീഡ് നേടിയതിന്‍റെ ആഘോഷം ഇംഗ്ലിഷ് താരങ്ങളെ വിട്ടൊഴിഞ്ഞിരുന്നില്ല. അതിനുമുന്‍പ് സിഗൂഡ്സനിലൂടെ ഐസ്‌ലന്‍ഡ് ഒപ്പമെത്തി.
പതിനെട്ടാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് വീണ്ടും ലക്ഷ്യം കണ്ടു. സിഗ്പോര്‍സന്റെ കരുത്തുറ്റ ലോ ഷോട്ട് ഇംഗ്ലിഷ് ഗോളി ജോ ഹാര്‍ട്ടിന്റെ കയ്യിലുരസി വലയിലേക്ക്. സമനില പിടിക്കാനായിരുന്നു പിന്നീടങ്ങോട്ട് ഇംഗ്ലണ്ടിന്റെ ശ്രമം. അലിയും ഹാരി കെയ്‍നുമെല്ലാം നിരന്തരം അവസരങ്ങള്‍ നഷ്ടപ്പെടുത്തി. സിഗൂഡ്സനും സ്കുലാസലനും അടങ്ങുന്ന ഐസ്ലന്‍ഡ് പ്രതിരോധ നിര അവസരത്തിനൊത്തുയരുക കൂടി ചെയ്തതോടെ ഇംഗ്ലിഷ് മുന്നേറ്റനിര ലക്ഷ്യം കാണാനാകാതെ നിരാശരായി. അവസാന മിനിറ്റുകളിലും ഇഞ്ചുറി ടൈമിലും പൊരുതി നോക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.