Sports
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കംഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

Jaisy
|
11 March 2018 11:47 AM GMT

പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 2 മണി മുതലാണ് മത്സരം. പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

പേസര്‍മാര്‍ നിറഞ്ഞാടിയ കേപ്ടൌണില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ജയിക്കാമായിരുന്ന മത്സരത്തില്‍ ബാറ്റിങ്ങ് നിര അവസാന നിമിഷം തകര്‍ന്നടിഞ്ഞത് ഇന്ത്യക്ക് വിനയായി. അതുകൊണ്ട് തന്നെ സെഞ്ചൂറിയനില്‍ തിരിച്ചുവരേണ്ടത് കോഹ്‍ലിക്കും സംഘത്തിനും അനിവാര്യമാണ്. പ്രധാന പ്രശ്നം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരുടെ അത്രയും കരുത്ത് ഇന്ത്യക്കില്ലെന്നാണ്. എങ്കിലും ഭുവനേശ്വറും ഷമിയും ജസ്പ്രീത് ബൂംറയും ഹാര്‍ദിക് പാണ്ഡ്യും നന്നായി തന്നെ കളിച്ചു. പേരുകേട്ട ബാറ്റിങ്ങ് നിര നിരാശപ്പെടുത്തിയത് തിരിച്ചടിയായി. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്റെ ഫോമില്ലായ്മയും പ്രയാസമുണ്ടാക്കി. കീപ്പറെന്ന നിലയില്‍ മികവുണ്ടെങ്കിലും ബാറ്റിങ്ങില്‍ വൃദ്ധിമാന്‍ സാഹ നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ അജിങ്ക്യ രഹാനയെയും ലോകേഷ് രാഹുലിനെയും ഇറക്കണമെന്ന ആവശ്യവും ശക്തമാണ്.

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അശ്വിന്‍ മാത്രമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞ ഏക ഇന്ത്യന്‍ സ്പിന്നര്‍. സെഞ്ചൂറിയനിലെ പിച്ചും പേസിനെ പിന്തുണക്കന്നതിനായതിനാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് തീരുമാനം. വിദേശത്ത് പരിചയസമ്പത്തുള്ള ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നീ പേസര്‍മാരെ പരിഗണിക്കാതെ ജസ്പ്രീത് ബൂംറക്ക് ആദ്യ മത്സരത്തില്‍ അവസരം നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മറുവശത്ത് ഫിലാന്‍ഡര്‍, മോണി മോര്‍ക്കല്‍, റബാഡ, സ്റ്റെയന്‍ എന്നീ ബൌളര്‍മാരുടെ കരുത്തിലാണ് പ്രോട്ടീസ് ആദ്യ മത്സരം ജയിച്ചത്. ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിര ഇന്ത്യയേക്കാള്‍ മികവ് കാണിച്ചതും ആതിഥേയര്‍ക്ക് തുണയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരന്പരയില്‍ രണ്ടാം മത്സരം ഇരുടീമിനും നിര്‍ണായകമാണ്.

Similar Posts