ആസ്ട്രേലിയ 85 റണ്‍സിന് പുറത്ത്
|ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‍സില്‍ ആസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയയെ ആദ്യ ഇന്നിംഗിസില്‍ 32.5 ഓവറില്‍ 85 റണ്‍സിന് പുറത്താക്കി രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക മുന്‍കൈ നേടി. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്.
ഓസീസ് സ്‌കോര്‍ രണ്ടില്‍ എത്തിയപ്പോള്‍ തന്നെ രണ്ട് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (1) ജോ ബേണ്‍സും പുറത്തായി.വാര്‍ണറിനെ ഫിലാന്‍ഡറും ജോ ബേണ്‍സിനെ കയ്യില്‍ എബട്ടുമാണ് പുറത്താക്കിയത്. മൂന്നാമനായിറങ്ങിയ ഉസ്മാന്‍ ഖവാജയേയും (4) നാലാമനായിറങ്ങിയ ആഡം വോജസിനെയും (0) പുറത്താക്കി ഫിലാന്‍ഡര്‍ വിക്കറ്റ് നേട്ടം മൂന്നാക്കി. അഞ്ചാമനായെത്തിയ അരങ്ങേറ്റക്കാരന്‍ കാലം ഫെര്‍ഗൂസണ്‍ (2) ഫിലാന്‍ഡര്‍ക്ക് പകരം ഫില്‍ഡിങ്ങിനിറങ്ങിയ ഡെയ്ന്‍ വില്ലാസിന്റെ നേരിട്ടുള്ള ഉജ്വലമായൊരു ത്രോയില്‍ റണ്‍ഔട്ടാവുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 43ന് ആറ് എന്ന നിലയിലായിരുന്നു ഓസീസ്. 10 റണ്‍സ് നേടിയ ജോ മെനി മാത്രമാണ് സ്റ്റീവ് സ്മിത്തിനെ കൂടാതെ രണ്ടക്കം കടന്ന ഓസീസ് ബാറ്റ്‌സമാന്‍. 80 പന്തുകള്‍ നേരിട്ട സ്റ്റീവ് സ്മിത്ത് അഞ്ച് ഫോറുകള്‍ അടക്കം 48 റണ്‍സ് നേടി പുറത്താകാതെ നിന്നു. ദക്ഷണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഫിലാന്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ എബട്ട് മൂന്നും കഗീസോ റബാട ഒരു വിക്കറ്റും നേടി.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് ജയിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില് 80 റണ്‍ നേടിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.