ഇന്ത്യ-ന്യൂസിലാന്‍ഡ് അവസാന ഏകദിനം ഇന്ന്
|തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണ് കോഹ്ലിക്കും സംഘവും ലക്ഷ്യമിടുന്നത്...
ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് കാണ്‍പൂരില്‍ നടക്കും. ഉച്ചക്ക് 1.30 നാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
മുംബൈ ഏകദിനത്തില്‍ ആറ് വിക്കറ്റിന് കിവീസിന് മുന്നില്‍ തര്‍ന്നടിഞ്ഞ ഇന്ത്യ പുനെയില്‍ ഉയിര്‍ത്തെഴുന്നേറ്റ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇന്ത്യന്‍ ബൌളര്‍മാരും ബാറ്റ്സ്മാന്മാരും ഉണര്‍ന്നു കളിച്ചതോടെയായിരുന്നു വിജയം നേടാനായത്. കാണ്‍പൂരിലെ നിര്‍ണായക മത്സരത്തിലും ഈ ഫോം തുടര്‍ന്നാല്‍ പരമ്പര സ്വന്തമാക്കാം. ഈ നേട്ടം കൈവരിച്ചാല്‍ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാകും കോഹ്ലിക്കും സംഘത്തിനും ലഭിക്കുക.
കുല്‍ദീപ് യാദവിന് കാണ്‍പൂരില്‍ അവസരം നല്കി പകരം ഒരാള്‍ക്ക് വിശ്രമം നല്‍കിയേക്കും. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ പേസര്‍മാരായി തുടരും. ശിഖര്‍ ധവാന് ഫോമിലെത്തിയതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ധവാനും രോഹിത്തും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തേണ്ടതുണ്ട്. കോഹ്ലിയുടെ ഫോം ഒഴിച്ചുനിര്‍ത്തിയാല്‍ മധ്യനിരയില്‍ ആരും സ്ഥിരതകൈവരിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും പ്രതീക്ഷിക്കുന്നു.
മറുവശത്ത് നായകന് കെയ്ന്‍ വില്യംസണ് ഫോമിലെത്താതാണ് കിവീസിന്റെ ആശങ്ക. ബാറ്റിങ്ങില്‍ ടെയ്ലര്, ലഥാം സഖ്യമാണ് കരുത്തേകുന്നത്. ബോളിങ്ങില്‍ ട്രെന്‍ഡ് ബോള്‍ട്ട്, ടിം സൌത്തി എന്നിവരിലും പ്രതീക്ഷവെക്കാം.