Sports
കാനറികള്‍ക്ക് സമനില; അര്‍ജന്റീനക്ക് ജയംകാനറികള്‍ക്ക് സമനില; അര്‍ജന്റീനക്ക് ജയം
Sports

കാനറികള്‍ക്ക് സമനില; അര്‍ജന്റീനക്ക് ജയം

admin
|
31 March 2018 9:50 AM GMT

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തന്‍മാരായ ബ്രസീലിന് സമനില കുരുക്ക്. പരാഗ്വെയോടാണ് ബ്രസീല്‍ സമനില വഴങ്ങിയത്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തന്‍മാരായ ബ്രസീലിന് സമനില കുരുക്ക്. പരാഗ്വെയോടാണ് ബ്രസീല്‍ സമനില വഴങ്ങിയത്. നിശ്ചിതസമയം പൂര്‍ത്തിയായപ്പോള്‍ ഇരുവരും രണ്ടു ഗോളുമായി ഒപ്പത്തിനൊപ്പം നിന്നു. ഇതേസമയം, മറ്റൊരു മത്സരത്തില്‍ കാനറികളുടെ പരമ്പരാഗത വൈരികളായ അര്‍ജന്റീന ജയിച്ചുകയറി. രാജ്യത്തിനു വേണ്ടി മെസിയുടെ ബൂട്ടില്‍ നിന്നു 50 ാം ഗോള്‍ പിറന്ന മത്സരത്തില്‍ ബൊളീവിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന പൊളിച്ചടുക്കി.

ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൌന്ദര്യം കൈമോശം വന്നുപോയെന്ന് കരുതിയിടത്തു നിന്നു കാനറിപക്ഷികള്‍ സമനില കൊത്തിപ്പറക്കുകയായിരുന്നു. രണ്ടു ഗോളിന് മുന്നിട്ടുനിന്നിരുന്ന പരാഗ്വെയുടെ വലയില്‍ അവസാന പത്തു മിനിറ്റില്‍ രണ്ടു തവണ വെടിപൊട്ടിച്ചാണ് ബ്രസീല്‍ സമനില പിടിച്ചത്. 40 ാം മിനിറ്റില്‍ ഡാരിയോ ലസ്‍കാനോയിലൂടെ പരാഗ്വെ കളിയില്‍ ആദ്യ ലീഡ് നേടി. ഒമ്പത് മിനിറ്റ് അകലെ എഡ്ഗര്‍ ബെനിറ്റസിലൂടെ പരാഗ്വെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. രണ്ടാം പകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റനിര ആക്രമിച്ചു കളിച്ചെങ്കിലും പരാഗ്വെ ഉയര്‍ത്തിയ പ്രതിരോധത്തില്‍ ഈ കുതിപ്പുകളെല്ലാം തട്ടിനിന്നു. അവസാന മിനിറ്റില്‍ പരാഗ്വെയുടെ കിതപ്പ് മുതലെടുത്ത് റിക്കാര്‍ഡോ ഒലിവേര(79)യാണ് ബ്രസീലിന് ആശ്വാസ ഗോളൊരുക്കിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പരാഗ്വെയുടെ വല തുളച്ച് ഡാനി ആല്‍വസ് ബ്രസീലിന് സമനിലയും ഒരുക്കി.

ഇതേസമയം, അര്‍ജന്റീന ബൊളീവിയക്കെതിരെ അനായാസം ജയിച്ചുകയറുകയായിരുന്നു. ബാഴ്സയുടെ കുപ്പായത്തില്‍ ഗോളടി മിഷീനായി രൂപം മാറുന്ന ലയണല്‍ മെസി ഇത്തവണ രാജ്യത്തിനു വേണ്ടിയും ഉഗ്രമായി ഗര്‍ജിച്ചു. രാജ്യത്തിനു വേണ്ടിയുള്ള 50 ാം ഗോള്‍ മെസിയുടെ ബൂട്ടില്‍ നിന്നു പിറന്ന മത്സരത്തില്‍ ബൊളീവിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നീലപ്പട കീഴടക്കി. അര്‍ജന്റീനക്ക് വേണ്ടി മാന്ത്രികബൂട്ടുകള്‍ അണിഞ്ഞിരുന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ 56 ഗോളുകള്‍ എന്ന റെക്കോര്‍ഡിലേക്ക് ഇനി മെസിക്ക് അധികം ദൂരമില്ല. 30 ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു മെസിയുടെ അര്‍ധസെഞ്ച്വറി ഗോള്‍ പിറന്നത്. 20 ാം മിനിറ്റില്‍ ഗബ്രിയേല്‍ മഴ്‍സീഡോയിലൂടെയായിരുന്നു അര്‍ജന്റീന മുന്നിലെത്തിയത്.

യോഗ്യതാ മത്സരങ്ങളിലെ മറ്റു പോരാട്ടങ്ങളില്‍ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജര്‍മനി കീഴടക്കിയപ്പോള്‍ ഇംഗ്ലണ്ടിനെ നെതര്‍ലന്‍ഡ്സ് 1-2 ന് കീഴടക്കി. റഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തറപ്പറ്റിച്ചായിരുന്നു ഫ്രാന്‍സിന്റെ വിജയാഘോഷം. ബെല്‍ജിയത്തിനെതിരെ ജയം പോര്‍ച്ചുഗലിനൊപ്പം (1-2) നിന്നപ്പോള്‍ വെനിസ്വലയെ ഒന്നിനെതിരെ നാലു ഗോള്‍കള്‍ക്കായിരുന്നു ചിലി ചിതറിച്ചത്.

Similar Posts