രഞ്ജി ഉപേക്ഷിച്ച് യുവരാജിന്‍റെ പരിശീലനത്തില്‍ ബിസിസിഐക്ക് എതിര്‍പ്പ്
|ഐപിഎല്‍ താരലേലം അടുത്തിരിക്കെ ടീമിലെത്തുക യുവരാജിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ത്യന്‍ ടീമിലില്ലാത്തവര്‍ക്ക് വിപണിയില്‍ വലിയ
രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ച് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലേര്‍പ്പെട്ട യുവരാജ് സിങിന്‍റെ നടപടിയില്‍ ബിസിസിഐയുടെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ഈ സീസണില്‍ പഞ്ചാബിനായി കേവലം ഒരു മത്സരത്തില്‍ മാത്രമാണ് യുവരാജ് കളത്തിലിറങ്ങിയത്. നാല് മത്സരങ്ങള്‍ ഉപേക്ഷിച്ച താരം ക്രിക്കറ്റ് അക്കാഡമിയില്‍ ചെലവിടുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള പ്രാഥമിക മാനദണ്ഡമായ യോ-യോ ടെസ്റ്റ് മറികടക്കുകയാണ് യുവിയുടെ തീവ്ര പരിശീലനത്തിന് പിന്നിലെ ലക്ഷ്യം. ഐപിഎല്‍ താരലേലം അടുത്തിരിക്കെ ടീമിലെത്തുക യുവരാജിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ത്യന്‍ ടീമിലില്ലാത്തവര്‍ക്ക് വിപണിയില്‍ വലിയ വില ലഭിക്കുകയില്ലെന്നതു തന്നെയാണ് ഇതിന് കാരണം.
പ്രാദേശിക മത്സരങ്ങളില്‍ റണ്‍ കണ്ടെത്താതെ യോ-യോ ടെസ്റ്റ് മാത്രം മറികടന്നാല്‍ യുവരാജിന് ടീമിലെത്താനാകുമോ എന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധി ചോദിച്ചതായി വാര്‍ത്താ ഏജന്‍സിസായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രഞ്ജി ട്രോഫിയില്‍ എല്ലാ കളിക്കാരും പങ്കെടുക്കണമെന്നാണ് പൊതുവെയുള്ള നയം. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടീമില്‍ കളത്തിലുണ്ടാകില്ലെന്ന് ഉറപ്പായ ഇശാന്ത് ശര്‍മയെ ഡല്‍ഹിക്കായി രഞ്ജി കളിക്കാന്‍ നിയോഗിച്ചത് ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് താരത്തിന്‍റെ അവസാന അന്താരാഷ്ട്ര പരമ്പരയാകുമെന്ന സൂചനയുണ്ട്. മാന്യമായി വിരമിക്കാനുള്ള അവസരം നല്‍കുകയാകും ലക്ഷ്യം.