ഐഎസ്എല്ലില്‍ എഫ്സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം
|മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം
ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. സീസണിലെ ആദ്യ ഹാട്രിക് നേടിയ സ്പാനിഷ് താരം കോറോയുടെ പ്രകടനമാണ് ഗോവക്ക് തുണയായത്.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടംതന്നെയായിരുന്നു ഗോവയുടെ ഹോം ഗ്രൌണ്ടില്‍ കണ്ടത്. മത്സരം തുടങ്ങി പതിനാറാം മിനുറ്റില്‍ തന്നെ സ്പാനിഷ് താരം കോറോയിലൂടെ ഗോവ ലീഡ് നേടി. എന്നാല്‍ നാല് മിനുറ്റിനുള്ളില്‍ മികുവിലൂടെ ബംഗലൂരു തിരിച്ചടിച്ചു. 33ആം മിനുറ്റില്‍ കോറോ വീണ്ടും വല ചലിപ്പിച്ചതോടെ ഗോവ ലീഡ് തിരിച്ചുപിടിച്ചു. 36ആം മിനുറ്റില്‍ ലാന്‍സറോട്ടയെ മുഖത്ത് ഇടിച്ചതിന് ബംഗലൂരുവിന്‍റെ ഗോള്‍ കീപ്പര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത്.
രണ്ടാം പകുതിയില്‍ പത്ത് പേരുമായി മത്സരിച്ച ബംഗലൂരുവിന്റെ പോരാട്ടവീര്യം ചെറുതായിരുന്നില്ല. 57ആം മിനുറ്റില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റി എറിക് പാര്‍ഥാലു ബംഗലൂരുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വീണ്ടും കോറുമിനാസ് ഗോള്‍ സ്കോര്‍ ചെയ്തതോടെ ഏഴ് മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ക്കാണ് ഗോവയിലെ സ്റ്റേഡിയം സാക്ഷിയായത്. സീസണില്‍ ബംഗലൂരുവിന്റെ ആദ്യ തോല്‍വിയാണ് ഇത്. ആറ് പോയിന്റുമായി ബംഗലൂരു തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.