ഉറുഗ്വേയെ അട്ടിമറിച്ച് മെക്സിക്കോ മാജിക്
|കോപ്പ അമേരിക്കയില്‍ കരുത്തരായ ഉറുഗ്വേയെ കോണ്‍കകാഫ് മേഖലയിലെ വമ്പന്മാരായ മെക്സിക്കോ അട്ടിമറിച്ചു.
കോപ്പ അമേരിക്കയില്‍ കരുത്തരായ ഉറുഗ്വേയെ കോണ്‍കകാഫ് മേഖലയിലെ വമ്പന്മാരായ മെക്സിക്കോ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മെക്സിക്കോ മാജിക്. നാലാം മിനിറ്റില്‍ ഉറുഗ്വേ പ്രതിരോധനിര താരം ആല്‍വരോ പെരേരയുടെ സെല്‍ഫ് ഗോള്‍ മുതല്‍ അവരുടെ അടിതെറ്റി തുടങ്ങി. ഗ്വാര്‍ഡാഡോയുടെ ഒരു തകര്‍പ്പന്‍ ക്രോസിലേക്ക് പാഞ്ഞടുത്ത ഹെരേരയ്ക്കും മുമ്പ് പന്തിലേക്ക് എത്തിയ പെരേര മെക്സിക്കന്‍ മുന്നേറ്റത്തിന് തലവെച്ച് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വിശ്രമിച്ചത് സ്വന്തം വലയില്‍. ഇതോടെ മെക്സിക്കോ അനായാസം ഒരു ഗോളിന് മുമ്പിലെത്തി. പിന്നീടങ്ങോട്ട് ആദ്യ പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞും ഇടക്കിടെ ആക്രമിച്ചും മെക്സിക്കന്‍ പടയാളികള്‍ ഉറുഗ്വേയ്ക്ക് തലവേദന സൃഷ്ടിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഉറുഗ്വേ താരം മാറ്റ്യാസ് വെസിനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് കരുത്തന്മാര്ക്ക് വന്‍ തിരിച്ചടിയായി.
രണ്ടാം പകുതി മുഴുവന്‍ പത്തു പേരുമായി ചുരുങ്ങി കളിക്കേണ്ടി വന്നതോടെ ഉറുഗ്വേയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീണു. കിക്കോഫിനു മുമ്പ് ദേശീയഗാനം മാറി ആലപിച്ചതു മുതല്‍ ഉറുഗ്വേയ്ക്ക് ശനിദശ ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പെരേരയുടെ സെല്‍ഫ് ഗോള്‍. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ചുവപ്പുകാര്‍ഡിന്റെ രൂപത്തില്‍ റഫറി കൂടി അന്തകനായപ്പോള്‍ ഉറുഗ്വേയുടെ പാതിജീവന് പോയി. 58 ാം മിനിറ്റില്‍ കവാനിക്ക് ലഭിച്ച സുവര്‍ണാവസരം കൂടി പുറത്തേക്ക് തൊടുത്തതോടെ ഉറുഗ്വേയുടെ പ്രതീക്ഷകള്‍ അവസാനിച്ചതുപോലെയായി. എന്നാല്‍ 74 ാം മിനിറ്റില്‍ മെക്സിക്കോയുടെ പിഴവ് മുതലെടുത്ത് റോബര്‍ട്ടോ ഗോഡിന് നേടിയ ഗോള്‍ അവര്‍ക്ക് പോലും അവിശ്വസനീയമായിരുന്നു. സമനില ഗോള്‍ ഞെട്ടിച്ചെങ്കിലും നേരത്തെ എഴുതി തയാറാക്കിയ തിരക്കഥ പൊളിച്ചെഴുതാന്‍ മെക്സിക്കോയും ഒരുക്കമായിരുന്നില്ല. 85 ാം മിനിറ്റില്‍ രണ്ടാം ഗോളിലൂടെ അവര്‍ സുരക്ഷിതമായ ലീഡ് ഉയര്‍ത്തി. റാഫേല്‍ മാര്‍ക്കസ് ആല്വരെസായിരുന്നു സ്കോറര്‍. 92 ാം മിനിറ്റില്‍ ഹെക്ടര്‍ മിഗല്‍ ഹെരേര ലോപ്പസിലൂടെ ഉറുഗ്വേയുടെ പെട്ടിയില്‍ അവസാന ആണിയുമടിച്ച് മെക്സിക്കോ ജയം സ്വന്തം അക്കൌണ്ടില്‍ എഴുതി ചേര്‍ത്തു.