Sports
കീഴടങ്ങി വിശ്വ വിജയികൾകീഴടങ്ങി വിശ്വ വിജയികൾ
Sports

കീഴടങ്ങി വിശ്വ വിജയികൾ

Alwyn K Jose
|
13 April 2018 12:57 PM GMT

ഫ്രഞ്ചുകാരുടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിലെ കപ്പുവിജയങ്ങൾ " കപ്പിനും ചുണ്ടിനും " ഇടക്കുവച്ചു കവർന്നു എടുത്തിട്ടുള്ളവരാണ് ജർമൻകാർ

ഡോ മുഹമ്മദ് അഷ്‌റഫ്

ഫ്രഞ്ചുകാരുടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിലെ കപ്പുവിജയങ്ങൾ " കപ്പിനും ചുണ്ടിനും " ഇടക്കുവച്ചു കവർന്നു എടുത്തിട്ടുള്ളവരാണ് ജർമൻകാർ.1958 ലെ ലോകകപ്പിന്റെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുവാനുള്ള ഏറ്റുമുട്ടലിൽ മൂന്നിന് എതിരെ ആറു ഗോളുകൾക്ക് കൈസറുടെ നാട്ടുകാരെ പരാജയപ്പെടുത്തുവാൻ ല ബ്ലൂസിനു കഴിഞ്ഞത് ഒഴിച്ചാൽ തുടർന്നുള്ള എല്ലാ മത്സരങ്ങളിലും ഉഗ്രൻ ഫോമിൽ കളിച്ചിരുന്ന നാളുകളിൽപ്പോലും അവർക്കു ജർമ്മൻകാർക്കു മുന്നിൽ തല വണങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിൽ അവരെ ഏറ്റവും അധികം വേദനിപ്പിച്ച പരാജയം 1982 ലെ സ്പാനിഷ് ലോകകപ്പിലെ അധിക സമയത്തിനു ശേഷമുള്ള പെനാൽറ്റി ഷൂട് ഔട്ടിലെ 4 നു എതിരെയുള്ള 5 ഗോളുകളുടെ നാടകീയ പരാജയമായിരുന്നു. അന്നാകട്ടെ സകല പന്തയക്കാരുടെയും വാത് വയ്പ്പുകാരുടെയും നിയുക്‌ത വിജയികളും ആയിരുന്നവർ അതിനു കാരണവുമുണ്ടായിരുന്നു പ്ലാറ്റിനി, ഡിഗണാ, ഷിറാ, ആംറോസോ എന്നിവരുടെ വൻ നിരയായിരുന്നു "ല കോക്കുകൾ"ക്കുവേണ്ടി അന്ന് ബൂട്ടുകെട്ടിയതു (ഫ്രഞ്ച് ടീമിന് പൂവങ്കോഴിപ്പട" എന്നും വിളിപ്പേരുണ്ട് കരുത്തും ഭംഗിയും ഉള്ള ഒരു പൂവൻ കോഴിയാണ് അവരുടെ ഭാഗ്യമുദ്ര ) ഏതാണ്ട് ഇതേ ടീമിനെത്തന്നെ അടുത്ത ലോക കപ്പിൽ മെക്സിക്കോയിൽ സെമിയുടെ തനിയാവർത്തനത്തിൽ കുറേക്കൂടി വ്യകതമായ വ്യത്യാസത്തിൽ ജർമനി തോൽപ്പിച്ചു വിട്ടത് ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ മികവുമായിട്ടായിരുന്നു. റുമനിഗയും കൂട്ടരും അന്ന് ഫൈനൽ കളിച്ചു. പിന്നെ അവസാനമായി കഴിഞ്ഞ ലോക കപ്പിൽ ബ്രസീലിൽ അവസാനം ക്വാർട്ടറിൽ കണ്ടപ്പോഴും വിജയം പിന്നീട് കപ്പ് നേടിയ ജര്‍മനിക്കായിരുന്നു.

എന്നാൽ നേരിട്ടുള്ള മറ്റു ഏറ്റുമുട്ടലുകളിൽ അധിക വിജയം നേടിയിട്ടുള്ളത് ഫ്രഞ്ചുകാരും. 27 മത്സരങ്ങളിൽ 12 വിജയവും ആറു സമ നിലകളും. വൻ നേട്ടങ്ങൾ അടക്കം ജർമനിക്കു 9 വിജയങ്ങളും. ചുരുക്കത്തിൽ ഇറ്റലി ജർമനി ഏറ്റുമുട്ടലുകളുടെ നേരെ വിപരീതമായ കണക്കുകൾ ആണിത്. പിന്നെ മറ്റൊരു കൗതുകകരമായ വിവരം കൂടി ജർമനിയുടെ നേട്ടങ്ങൾക്കുണ്ട്. അറുപതു വര്‍ഷങ്ങള്‍ക്ക് ഇടയിൽ അവർ ഇന്നുവരെ ആതിഥേയരോട് തോറ്റിട്ടില്ല. ആ ആത്മ വിശ്വാസം ഇന്ന് പരമ്പരാഗത വൈരികൾക്കു എതിരെയുള്ള പോരാട്ടത്തിൽ ജർമനിക്കു രക്ഷ ആകുമോ എന്നതായിരുന്നു കിക്ക് ഓഫിന് മുമ്പ് ഫുട്ബോൾ ലോകം ചർച്ച ചെയ്ത വിഷയം. ഇത്തവണ ഏറ്റവും അധികം " മെച്ചപ്പെട്ട " ടീം ആയിരുന്നു അതിഥേയരുടെതു ഗ്രൂപ്പുമത്സരങ്ങളിലും പ്രീ ക്വാർട്ടറിലും, ക്വാർട്ടറിലും ഒന്നിനൊന്നു മെച്ചമായ പ്രകടനങ്ങളുമായി അവർ വേറിട്ടു നിന്നു. അവരുടെ മുന്നേറ്റ നിരയിലെ എല്ലാപേരും ഗോൾ മികവിലും മുന്നിലായി. എന്നാൽ ജർമനിയെ സംബന്ധിച്ചിടത്തോളം അവരുടെ പിന്നോക്ക മധ്യ നിരകൾ നിലവാരത്തിലേക്ക് ഉയർന്നപ്പോൾ 2010 ലോക കപ്പിലെ ടോപ് സ്‌കോറർ ആയ മ്യുളർക്കു പോലും ഇതുവരെ വല കുലുക്കുവാൻ കഴിഞ്ഞിട്ടില്ല. പോരാത്തതിന് അവരുടെ പ്രമുഖരായ ഖെദീരയും ഗോമസും പരുക്കിന്റെ പിടിയിലും. അതിനേക്കാൾ അവരെ അലട്ടിയതു ഏറ്റവും വിശ്വസ്തനായ പിൻ നിരക്കാരൻ ഹുമ്മൽസ് മഞ്ഞ കാർഡിന് പുറത്തിരിക്കുന്നതും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതെ ആത്മ വിശ്വാസത്തോടെ ഫ്രഞ്ച് പട ഇതുവരെയുണ്ടായ എല്ലാ പരാജയങ്ങൾക്കും പക എന്ന മുദ്രാവാക്യത്തോടെ മുന്നേറ്റ നിരയിൽ മൂന്നു വമ്പൻമാർക്ക് ചുമതല നൽകി 4-3- 3 -3 ശൈലിയിൽ ടീമിനെ അണിനിരത്തി. നെവർ ചെയിഞ്ച് എ വിന്നിങ് ടീം എന്ന തത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് ഐസ് ലാൻഡിനെ വീഴ്ത്തിയ അതേ നിരയുമായിട്ടായിരുന്നു ഡിശാംബു ലോക ജേതാക്കളെ നേരിട്ടത്. ആദ്യ പന്തിൽ തന്നെ ഫ്രഞ്ചുകാരുടെ പ്രതികാര ദാഹം പ്രകടമായ അതി തീഷ്ണമായ കടന്നുകയറ്റങ്ങളായിരുന്നു ഗ്രീസ്മാനും പയറ്റും ജീറോയും കൂടി അഴിച്ചു വിട്ടത്‌. ഇന്നും ലീബറോ റോളിൽ നിലയുറപ്പിച്ച ജെറോം ബോആട്ടെങ്ങും ഹോവ്ഡസും ഹെക്കറ്ററും കൂടി പണിപ്പെട്ടു അതൊക്കെ തടഞ്ഞു നിർത്തിയിരുന്നു. ആദ്യത്തെ 10 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾ എങ്കിലും ജർമൻ വല കടക്കേണ്ടതായിരുന്നു. ഗോളി നോയറും പലപ്പോഴും പോസ്റ്റുകളും ജർമൻ രക്ഷകരായിട്ടു എത്തിയിരുന്നു. ഒപ്പം ജർമൻ പ്രതിരോധ നിര അതൊക്കെ കോര്‍ണറുകൾ ആക്കിയും അപകടം ഒഴിവാക്കിയിരുന്നു. അപകടം മുന്നിൽ കണ്ട ജർമൻ മധ്യ നിര ചാൻ, യോസിൽ ക്രോസ്സ് സഖ്യം കളിയുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് കൊച്ചു കൊച്ചു പാസുകളും ഡയഗനൽ പാസുകളുമായി കളിയുടെ ഗതിവേഗം കുറച്ചുകൊണ്ട് ഫ്രഞ്ചുകാരുടെ ഗതി വേഗത്തിനു തടയിട്ടു ഒപ്പം വിസ്മയിക്കുന്ന മുന്നേറ്റങ്ങളുമായി ചാനും കിമ്മിഷും ഡ്രാക്സ്ലറും ഫ്രഞ്ച് നിരയിലേക്ക് കടന്നു കയറിയപ്പോൾ മത്സരം പെട്ടന്ന് തുല്യ ശക്തികളുടെ പോരാട്ടവും ആയിത്തീർന്നു. ഫ്രഞ്ച് നിരയിൽ കോശിനിയും ഉമ്മീറ്റിയും പിഴവുകൾ കൂടാതെ പ്രതിരോധം തീർത്തപ്പോൾ മ്യുളർക്കും യോസേലിനും അവിടേക്കു കടന്നു കയറാന് കഴിഞ്ഞില്ല. തുടർന്നു ഇതുവരെ ഗോളടിക്കുവാൻ കഴിയാതിരുന്ന മ്യുളർ ലോങ് റെയിഞ്ച് ഷോട്ടുകളുമായി ലോറീസിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ല ബ്ലൂസ് പൂർണമായും പ്രതിരോധത്തിലേക്കും തിരിഞ്ഞു. ജർമൻ മധ്യ നിര ടിക്കീ ടാക്കാ രീതിയിൽ പന്തു കൈമാറി കളിയുടെ ഗതി കൈയിൽ എടുത്തപ്പോൾ 13, 14 മിനിറ്റുകളിൽ ഇന്നാദ്യമായി കളിക്കുവാൻ അവസരം കിട്ടിയ എമിറേ ചാൻ തന്ത്രപരമായിട്ടെത്തിച്ച പാസുകൾ മ്യുളർക്കും യോസേലിനും വിനിയോഗിക്കുവാൻ കഴിയാതെ പോയത് ഇന്നത്തെ കളിയുടെ ഗതിയും വിജയികളെയും നിർണയിക്കുന്ന ഘടകമായി.

ഒന്നാംപകുതി ഗോൾ രഹിതമായി അവസാനിക്കും എന്നു കരുതിയ നിമിഷമാണ് ജർമൻ ദുരന്തം അവരുടെ നായകന്റെ കൈകളിലൂടെ കടന്നു വന്നത്. ഉമ്മീറ്റിയുടെ ലോങ് ക്ലിയറൻസുമായി മുന്നേറിയ ഗ്രീസ്മാൻ നേരെ പെനാൽറ്റി ബോക്സിലേക്ക് ഓടിക്കയറിയപ്പോൾ ഒപ്പം ജർമൻ നായകൻ ബാസ്റ്റിയാൻ ഷ്വെയ്ൻസ്റ്റയിഗറും ഉണ്ടായിരുന്നു. പറ്റൂറീസ് എവറക്കു ഒപ്പവും പന്തിന്‌ഉയർന്നു ചാടിയ ക്യാപ്റ്റന്റെ വിരലിൽ പന്തുതട്ടിയതു കണ്ട ലോക കപ്പ് റഫറി റിസോലി രണ്ടാമത് ഒന്നു ആലോചിക്കാതെ പെനാൽറ്റിയും വിധിച്ചു. ഒരു പരിഭ്രമവും കൂടാതെ ഗ്രീസ്മാൻ അതു ഗോളാക്കിയപ്പോൾ കളിയുടെ ഗതിക്കു വിപരീതമായി ഫ്രഞ്ചുകാർ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഏറ്റവും നല്ല പിൻ നിരയും പ്രത്യാക്രമണങ്ങൾ സംഘടിച്ചപ്പോഴേക്കും കളിയുടെ ഗതി വേഗവും കൂടി ജർമൻ സമനിലേക്കു അടുത്തു കാര്യങ്ങൾ എത്തിയപ്പോഴായിരുന്നു ശരിക്കുള്ള ദുരന്തം ജർമൻകാരെ തേടിയെത്തിയത്. അവരുടെ എല്ലാമായ ജെറോം ബോഅട്ടെങ്പരുക്കേറ്റു പുറത്തുപോയതോടെ അവരുടെ കീഴടങ്ങൽ ഏതാണ്ട് പൂർത്തി ആയിക്കഴിഞ്ഞിരുന്നു. പകരക്കാരനായിട്ടെത്തിയ മുസ്താഫിയും ഒരു കാരണക്കാരനായ രണ്ടാമത്തെ ഗോൾ ചോദിച്ചു വാങ്ങി. പരാജയം ഉറപ്പിക്കുന്നതിൽ ഇന്നത്തെ ഹീറോ ആയ ഗീസ്മാൻ തന്റെ ഗതിവേഗം മുഴുവൻ ഉപയോഗിച്ചു ജർമൻ പ്രതിരോധനിരയിൽ എത്തിച്ചു പോഗ്ബക്കു അതു നൽകിയപ്പോൾ കിമ്മിഷ് അതു അടിച്ചുമാറ്റി അപകടം ഒഴിവാക്കുന്നതിന് പകരം പെനാൽറ്റി ബോക്സിൽ വച്ചു മുസ്തഫയ്ക്ക് മറിച്ചുകൊടുത്തു. അതു ചാടിപ്പിടിച്ചു നൃത്തം ചെയ്ത പോഗ്ബ അതു നേരെ നോയർക്കു നേരെ തൊടുത്തു വിട്ടു. എന്നാൽ എന്നും വിശ്വസ്തനായ നോയർ അതു തട്ടി അപകടകാരിയായ ഗ്രീസ്മാന്റെ മുന്നിലേക്ക്‌ തൊട്ടാൽ ഗോളാകും വിധം ഇട്ടുകൊടുക്കുകയും ചെയ്തു. ഗ്രീസ്മാനാകട്ടെ തന്റെ കടമ നിർവഹിച്ചുകൊണ്ടു ആനന്ദ നൃത്തം ചെയ്തപ്പോൾ കണ്ടു നിൽക്കുവാനെ നോയർക്കു കഴിഞ്ഞുള്ളു.

ചുരുക്കത്തിൽ എന്നും ജർമനിയുടെ രക്ഷകരായിരുന്ന ഷ്വെയ്ൻ സ്റ്റയിഗറും നൊയറും തന്നെ ആയി ഇന്ന് അവരുടെ പതനത്തിനു കാരണക്കാർ. ശരിക്കും കളിച്ചു തോൽക്കുകയായിരുന്നു ലോക ചാമ്പ്യന്മാർ മറുവശത്തു വിജയിക്കുന്നതിലാണ് എല്ലാമെല്ലാം എന്ന തത്വവും ആയി അദ്യ പന്തുമുതൽ മുന്നേറിയ ഫ്രഞ്ചുകാർക്കു അനിവാര്യമായ ഒരൽപ്പം ഭാഗ്യം കൂടി ഒത്തുകിട്ടിയപ്പോൾ അവരുടെ പക പേക്കൽ യാഥാർഥ്യവും ആയി. ജർമനിയുടെ ഇന്നത്തെ തോൽവി അവർ ചോദിച്ചു വാങ്ങിയത് തന്നെയായിരുന്നു. ആദ്യ നിമിഷങ്ങളിലെ ഫ്രഞ്ച് മുന്നേറ്റങ്ങൾ ഫുട്ബാൾ പാഠപുസ്തത്തിലെ വർണ്ണനകൾ പോലെ യാഥാർഥ്യമാക്കിക്കൊണ്ടവർ അത്യാകർഷകമായ തിരിച്ചടിച്ചു കളിയുടെ കടിഞ്ഞാണും കൈയിൽ എടുത്തു. എന്നാൽ അവരുടെ മധ്യ നിര അങ്ങേയറ്റം സാഹസികമായി ഫ്രഞ്ച് പെനാൽറ്റി ബോക്സുവരെ എത്തിച്ച എണ്ണം പറഞ്ഞ പന്തുകൾ ഒന്നു തൊട്ടിടാൻ ഒരു മുന്നേറ്റക്കാരൻ അവരുടെ നിരയിൽ ഇല്ലാതെ പോയി. 2010 ലോക കപ്പിലെ ടോപ് സ്‌കോറർ തോമസ് മ്യുളർ ടൂർണമെന്റ് മുഴുവൻ അവർക്കു ഒരുബാധ്യത ആയതോടെ അവരുടെ പതനം മുൻകൂട്ടി പ്രഖ്യാപിക്കും വിധമായി. ഒപ്പം ഇന്ന് അവരെത്തേടിയെത്തിയ ദുരന്തങ്ങളും അവർക്കു വിനയായി. ഫ്രഞ്ചുകാരുടെ സ്ഥിതിയും മെച്ചമായിരുന്നില്ല ചീട്ടു കൊട്ടാരം പോലെ തകരുന്നതായിരുന്നു അവരുടെ പ്രതിരോധനിര. കോശിനിക്ക് മാത്രമേ ജർമൻകാരെ അൽപ്പമെങ്കിലും പേടിപ്പിച്ചു വിടാനായുള്ളു. ജർമൻകാരെ ദുരന്തം പിടികൂടിയപ്പോൾ മഹാഭാഗ്യം ല കൊക്കുകൾക്കു ഒപ്പമായി. അതായിരുന്നു ലോക ചാമ്പ്യന്മാരെ വിനീതരാക്കി, അവർക്കു ചരിത്രപരമായ പ്രതികാരത്തിന് വഴിയൊരുക്കിയത്.

Similar Posts