സമനില പിടിച്ചുവാങ്ങി ആസ്ത്രേലിയ
|ഹാന്‍ഡ്‍സ്‍കോമ്പും മാര്‍ഷും തമ്മിലുള്ള 124 റണ്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിന് തുണയായത്
കറങ്ങി തിരിയുന്ന പിച്ചില്‍ ഇന്ത്യയുടെ ജയ പ്രതീക്ഷകള്‍ക്ക് കംഗാരുപ്പൂട്ട്. പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന ആസ്ത്രേലിയയെ രക്ഷിച്ചത് ഹാന്‍ഡ്‍സ്‍കോമ്പും മാര്‍ഷും തമ്മിലുള്ള 124 റണ്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് . ഹാന്‍ഡ്‍സ്‍കോമ്പ് 72 റണ്‍സുമായി അജയ്യനായി നിലകൊണ്ടു. 197 പന്തുകള്‍ നേരിട്ട മാര്‍ഷ് 53 റണ്‍സെടുത്ത് പുറത്തായി.
അഞ്ചാം ദിനമായ ഇന്ന് രാവിലെ നായകന്‍ സ്മിത്തിനെ നഷ്ടമായതാണ് ഓസീസ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. 21 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. സ്മിത്തും റെന്‍ഷായും ചേര്‍ന്ന് ഇന്ത്യയുടെ ലീഡ് 100ല്‍ താഴെയാക്കി ഓസീസ് പ്രതീക്ഷകളെ കൈപ്പിടിച്ചുയര്‍ത്തി മുന്നേറുന്നതിനിടെയാണ് രണ്ട് ഓവറുകള്‍ക്കിടയില്‍ രണ്ട് പേരും കൂടാരം കയറിയത്. 15 റണ്‍സെടുത്ത റെന്‍ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇശാന്ത് ഓസീസിന് ആദ്യ പ്രഹരം സമ്മാനിച്ചു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിലായിരുന്നു സ്മിത്തിന്‍റെ പതനം.
പരമ്പരയിലുടനീളം മിന്നും ഫോം തുടരുന്ന സ്മിത്തിലായിരുന്നു ഓസീസ് പ്രതീക്ഷകള്‍. ഇന്ത്യയുടെ ജയം കേവലം ഒരു ഔപചാരികത മാത്രമെന്ന് തോന്നിയ ആ ഘട്ടത്തിലാണ് മാര്‍ഷിന് കൂട്ടായി ഹാന്‍ഡ്സ്കോമ്പ് എത്തിയത്. പിന്നെ 63 ഓവറുകളില്‍ ആ സഖ്യം ഇന്ത്യയെ തങ്ങളുടെ ബാറ്റിനു ചുറ്റും കറക്കി.