Sports
കോപ അമേരിക്കയിലെ മോഹന്‍ ബഗാന്‍ താരംകോപ അമേരിക്കയിലെ മോഹന്‍ ബഗാന്‍ താരം
Sports

കോപ അമേരിക്കയിലെ മോഹന്‍ ബഗാന്‍ താരം

admin
|
17 April 2018 8:27 AM GMT

13 അസിസ്റ്റുകളും ഒമ്പത് ഗോളുകളുമായി ആദ്യ സീസണില്‍ തന്നെ മോഹന്‍ബഗാന് ചരിത്രത്തിലാദ്യമായി ഐലീഗ് കിരീടം സമ്മാനിച്ചാണ് നോര്‍ദെ താരമായി ഉയര്‍ന്നത്. കഴിഞ്ഞ സീസണില്‍ നോര്‍ദെയും മോഹന്‍ബഗാനും ഫൈനല്‍ വരെയെത്തിയിരുന്നു.

ആരവങ്ങളില്ലാതെ വന്ന് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാതെയാണ് ഹെയ്തി കോപ അമേരിക്കയില്‍ നിന്നും മടങ്ങുന്നത്. ഭൂകമ്പം തകര്‍ത്ത ഹെയ്തിക്ക് അതിജീവനത്തിന്റെ മറുമരുന്ന് കൂടിയാണ് ഫുട്‌ബോള്‍. ഹെയ്തി താരമായ സോണി നോര്‍ദെ ഇന്ത്യന്‍ ഐ ലീഗില്‍ മോഹന്‍ ബഗാന്റെ മിന്നും താരമാണ്.

പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തോറ്റെങ്കിലും തല ഉയര്‍ത്തി തന്നെയാണ് ഹൈയ്തി മടങ്ങുന്നത്. പെറു, ബ്രസീല്‍, ഇക്വഡോര്‍ തുടങ്ങി ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഹെയ്തി. ഇക്വഡോറിനെതിരെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ഹെയ്തിയുടെ തോല്‍വി. തോല്‍വിയിലും തിളങ്ങുന്ന പ്രകടനമാണ് സോണി നോര്‍ദെ നടത്തിയത്.

ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയുടെ താരമാണ് സോണി നോര്‍ദെ. ആദ്യ ഐഎസ്എല്‍ സീസണില്‍ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുമായിരുന്നു സോണി നോര്‍ദെയുടെ സമ്പാദ്യം. സുനില്‍ഛേത്രിയായിരുന്നു മുംബൈ സിറ്റി എഫ്‌സിയില്‍ സോണി നോര്‍ദെയുടെ കൂട്ട്. ബംഗ്ലാദേശ് ലീഗില്‍ ഷൈക്ക് ജമാല്‍ ധാന്‍മോന്ദിയെ കിരീട ജേതാക്കളാക്കിയതോടെയാണ് സോണി നോര്‍ദെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2014-15 സീസണില്‍ നോര്‍ദെ മോഹന്‍ ബഗാനിലെത്തി. 13 അസിസ്റ്റുകളും ഒമ്പത് ഗോളുകളുമായി ആദ്യ സീസണില്‍ തന്നെ മോഹന്‍ബഗാന് ചരിത്രത്തിലാദ്യമായി ഐലീഗ് കിരീടം സമ്മാനിച്ചാണ് നോര്‍ദെ താരമായി ഉയര്‍ന്നത്. കഴിഞ്ഞ സീസണില്‍ നോര്‍ദെയും മോഹന്‍ബഗാനും ഫൈനല്‍ വരെയെത്തിയിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോഡ് തുകയായ 6.6 കോടി രൂപ നല്‍കിയാണ് സോണി നോര്‍ദെയെ മോഹന്‍ ബഗാന്‍ നിലനിര്‍ത്തിയത്. ഇത് താരത്തിന്റെ മൂല്യം തെളിയിക്കുന്നതാണ്. ഇത്തവണ ബഗാനെ ഐ ലീഗില്‍ രണ്ടാം സ്ഥാനത്തും ഫെഡറേഷന്‍ കപ്പില്‍ ചാമ്പ്യന്മാരുമാക്കിയതില്‍ സോണിയുടെ പങ്ക് ചെറുതല്ല. സീസണില്‍ ബഗാനായി കളിച്ച 16 മത്സരങ്ങളില്‍ 5 തവണ ഗോള്‍ നേടാന്‍ സോണി നോര്‍ദെക്കായി. 2015-16 ഐലീഗ് സീസണിലെ മികച്ച താരമെന്ന ബഹുമതിയും സോണി നോര്‍ദെക്കായിരുന്നു.

2008ല്‍ ഹെയ്തിക്കായി അരങ്ങേറിയ സോണി നോര്‍ദെ ഇതുവരെ 23 തവണ രാജ്യത്തിനായി കളിച്ചു. ലോകകപ്പ്, ഒളിംപ്കിസ് യോഗ്യതാ മത്സരങ്ങളിലും ഹെയ്തി ദേശീയ ടീമിനുവേണ്ടി സോണി നോര്‍ദെ കളിച്ചിട്ടുണ്ട്. ഹെയ്തിക്കുവേണ്ടി രണ്ട് അന്താരാഷ്ട്ര ഗോളുകളാണ് നോര്‍ദെ നേടിയിട്ടുള്ളത്.

Similar Posts