ഇന്ത്യ അടുത്ത സ്വര്‍ണം നേടുന്നതിനു മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരിക്കും, സെവാഗിനെ വെല്ലുവിളിച്ച് മോര്‍ഗന്റെ പന്തയം
|പിയേഴ്സ് മോര്ഗന് ക്രിക്കറ്റ് താരം സെവാഗിന്റെ മറുപടി സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതിനു പിന്നാലെ വീരുവിനെ വെല്ലുവിളിച്ച് മോര്ഗന് വീണ്ടും രംഗത്ത്
റിയോ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന് ക്രിക്കറ്റ് താരം സെവാഗിന്റെ മറുപടി സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതിനു പിന്നാലെ വീരുവിനെ വെല്ലുവിളിച്ച് മോര്ഗന് വീണ്ടും രംഗത്ത്. റിയോ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടിയതിന്റെ പേരില്‍ ഇന്ത്യക്കാര്‍ അമിതമായി ആഹ്ലാദപ്രകടനം നടത്തുന്നുവെന്നായിരുന്നു മോര്‍ഗന്റെ പരിഹാസം. എന്നാല്‍ ക്രിക്കറ്റ് കണ്ടുപിടിച്ച നിങ്ങള്‍ ഇംഗ്ലണ്ടുകാര്‍ ഇതുവരെ ഒരു ലോകകപ്പ് നേടിയിട്ടില്ല. എന്നിട്ടും വീണ്ടും നിങ്ങള്‍ ടീമിനെ കളിക്കാനയക്കുന്നു എന്ന് കുറിക്കുകൊള്ളുന്ന മറുപടിയാണ് സെവാഗ് നല്‍കിയത്. ഇതിനു പിന്നാലെയാണ് വീരുവിനെ വെല്ലുവിളിച്ച് മോര്ഗന് പന്തയത്തിനുണ്ടോയെന്ന് ചോദിക്കുന്നത്. പന്തയം വേറൊന്നുമല്ല, ഇന്ത്യ അടുത്ത ഒളിമ്പിക് സ്വര്‍ണം നേടുന്നതിനു മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരിക്കുമെന്നാണ് മോര്‍ഗന്റെ വെല്ലുവിളി. പന്തയം തോറ്റാല്‍ പത്തു ലക്ഷം രൂപ തരുമെന്നാണ് മോര്ഗന് ട്വിറ്ററിലൂടെ പറയുന്നത്. പാകിസ്താനെതിരെ ഇംഗ്ലണ്ട് നേടിയ റെക്കോര്‍ഡ് സ്കോറായ 444 റണ്‍സിന്റെ ചുവട് പിടിച്ചാണ് ഇത്തവണ മോര്‍ഗന്റെ കടന്ന് വരവ്. മോര്ഗന് ഇതുവരെ വീരു മറുപടിയൊന്നും കൊടുത്തിട്ടില്ലെങ്കിലും മോര്ഗന് ചുട്ടമറുപടി നല്കി ഇന്ത്യക്കാര്‍ ട്വിറ്ററില്‍ പൊങ്കാല തുടങ്ങിക്കഴിഞ്ഞു. ഏതായാലും സെവാഗിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.