കോപ്പയില്‍ ഇനി സെമി ആരവം
|കോപ്പ അമേരിക്ക ഫുട്ബോളില്‍ സെമി ഫൈനല്‍ ലൈനപ്പ് ആയി. ബുധനാഴ്ച്ച നടക്കുന്ന ആദ്യ സെമിയില്‍ അര്‍ജന്റീന ആതിഥേയരായ അമേരിക്കയെ നേരിടും.
കോപ്പ അമേരിക്ക ഫുട്ബോളില്‍ സെമി ഫൈനല്‍ ലൈനപ്പ് ആയി. ബുധനാഴ്ച്ച നടക്കുന്ന ആദ്യ സെമിയില്‍ അര്‍ജന്റീന ആതിഥേയരായ അമേരിക്കയെ നേരിടും. വ്യാഴാഴ്ചയാണ് ചിലി- കൊളംബിയ രണ്ടാം സെമി ഫൈനല്‍. ക്വാര്‍ട്ടറില്‍ വെനിസ്വലയെ തകര്‍ത്താണ് അര്‍ജന്റീനയുടെ സെമി പ്രവേശം.
ഒന്നിനെതിരെ 4 ഗോളിനായിരുന്നു മെസിയുടേയും സംഘത്തിന്റെയും ജയം.
കോപ്പയില്‍ മികച്ച പോരാട്ടവീര്യമാണ് അര്‍ജന്റീന പുറത്തെടുത്തത്. ആദ്യ മല്‍സരത്തില്‍ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. രണ്ടാമത് ദുര്‍ബലരായ പനാമയെ തകര്‍ത്തത് ഏകപക്ഷീയമായ 5 ഗോളിന്. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബൊളീവിയയെ കീഴ്പ്പെടുത്തിയത് എതിരില്ലാത്ത 3 ഗോളിന്. ഗോണ്‍സാലോ ഹിഗെയ്നും മെസിയും തകര്‍ത്താടിയ ദിനങ്ങളാണ് കടന്നുപോയത്. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ ഒന്നിനെതിരെ 2 ഗോളിന് തോല്‍പ്പിച്ചാണ് അമേരിക്ക അവസാന നാലിലെത്തിയത്. ആദ്യ മല്‍സരത്തില്‍ കൊളംബിയയോട് തോറ്റെങ്കിലും പിന്നീട് കോസ്റ്റാറിക്കയേയും പരാഗ്വായേയും തോല്‍പ്പിച്ചാണ് ആതിഥേയര്‍ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ മെക്സിക്കോക്കെതിരെ വമ്പന്‍ ജയവുമായാണ് നിലവിലെ ജേതാക്കളായ ചിലി സെമിയിലെത്തിയത്.
ഗ്രൂപ്പ് മല്‍സരങ്ങളിലെ തുടക്കം ചിലിക്ക് മോശമായിരുന്നു. ആദ്യ കളിയില്‍ അര്ജന്റീനയെക്കെതിരെ തോറ്റെങ്കിലും പിന്നീട് ചിലി ശക്തമായി തിരിച്ചുവന്നു. പിന്നീട് ബൊളീവിയയേയും പനാമയേയും ഗ്രൂപ്പ് മല്‍സരങ്ങളില്‍ ചിലി തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ പെറുവിനെ പെനാള്‍ട്ടി ഷൂട്ടൌട്ടില്‍ മടക്കി അയച്ചാണ് സെമിലേക്കുളള കൊളംബിയയുടെ വരവ്. ഉദ്ഘാടന മല്‍സരത്തില്‍ അമേരിക്കയെ ഏകപക്ഷീയമായ 2 ഗോളിന് തോല്‍പ്പിച്ച് കൊളംബിയ തുടക്കം ഉജ്ജ്വലമാക്കി. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ പരാഗ്വായെ തോല്‍പ്പിച്ചെങ്കിലും ഒടുവില്‍ കോസ്റ്റാറിക്കയോട് തോറ്റു.