ആസ്ത്രേലിയ 451ന് പുറത്ത്, ഇന്ത്യ തിരിച്ചടിക്കുന്നു
|രവീന്ദ്ര ജഡേജക്ക് അഞ്ച് വിക്കറ്റ്, സ്മിത്ത് അജയ്യനായി 178 റണ്‍സെടുത്തു
റാഞ്ചി ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ ആസ്ത്രേലിയയുടെ ഒന്നാം ഇന്നിങ്സ് 451 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. 67 റണ്‍സെടുത്ത രാഹുലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. കമ്മിന്‍സിനാണ് വിക്കറ്റ്. കളി അവസാനിക്കുമ്പോള്‍ 42 റണ്‍സുമായി വിജയും 10 റണ്‍സുമായി പുജാരയുമാണ് ക്രീസില്‍.
178 റണ്‍സുമായി അജയ്യനായി നിലകൊണ്ട നായകന്‍ സ്മിത്താണ് സന്ദര്‍ശകരെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റെടുത്തു. പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ കൊഹ്‍ലി ഇന്നും കളത്തിലിറങ്ങിയില്ല. രഹാനെയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യക്ക് ബാറ്റ് ചെയ്യുമ്പോള്‍ നാലാമനായി കൊഹ്‍ലിക്ക് ക്രീസിലെത്താനാകും.
കരിയറിലെ ആദ്യ ശതകം പൂര്‍ത്തിയാക്കിയ മാക്സ്‍വെല്ലിനെയാണ് ഓസീസിന് ഇന്ന് ആദ്യം നഷ്ടമായത്. ഒന്നാം ദിന ബാറ്റ്സ്മാന്‍മാരെ കലവറയില്ലാതെ പിന്തുണച്ച പിച്ച് ഇന്ന് പതിയെ സ്പിന്നിന് വഴങ്ങി തുടങ്ങി. മാക്സ്‍വെല്ലിന് ശേഷം ക്രീസിലെത്തിയ മാത്യു വെയ്ഡ് ഏകദിന ശൈലിയില്‍ ബാറ്റ് വീശി മുന്നേറുന്നതിനിടെ 30 റണ്‍സിന് ജഡേജയുടെ ഇരയായി കൂടാരം കയറി. മത്സരം പുരോഗമിക്കും തോറും കരുത്തനായി മാറുന്ന ജഡേജയെയാണ് പിന്നെ കളം കണ്ടത്. കംഗാരുക്കളെ ഒന്നന്നായി വലയില്‍ കുരുക്കി ജഡേജ മുന്നേറുമ്പോള്‍ കരുത്തിന്‍റെ പര്യായമായി മറുവശത്ത് സ്മിത്ത് നിറഞ്ഞാടുകയായിരുന്നു. ഒടുവില്‍ കൂട്ടുകാരില്ലാതെ അജയ്യനായി ഓസീസ് നായകന്‍ ടീമിന്‍റെ തകര്‍ച്ചക്കും ജഡേജയുടെ തേരോട്ടത്തിനും സാക്ഷിയായി.