ചാമ്പ്യന്‍പട്ടത്തിനായുള്ള പോരില്‍ മാര്‍ബേസിലും കല്ലടിയും
|ഇത്തവണ ട്രാക്കില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പരീശീലകരുടെ പക്ഷം
കായികോത്സവത്തിലെ കിരീടപ്പോരാട്ടം ഇത്തവണ കൂടുതല്‍ കടുത്തതാവുമെന്നാണ് വിലയിരുത്തല്‍. കോതമംഗലം മാര്‍ ബേസിലും പാലക്കാട് കല്ലടി സ്കൂളുമാണ് ചാമ്പ്യന്‍ പട്ടത്തിനായി സജീവമായി രംഗത്തുള്ളത്. ഇത്തവണ ട്രാക്കില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പരീശീലകരുടെ പക്ഷം.
കഴിഞ്ഞ കായികോത്സവത്തിലെ ജേതാക്കളായ പാലക്കാടും റണ്ണേഴ്സ് അപ്പായ എറണാകുളവുമാണ് കീരീട നേട്ടത്തിനായുള്ള അവകാശവാദത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അവസാന ലാപിലാണ് കഴിഞ്ഞ തവണ പാലക്കാട് 255 പോയിന്റ് നേടി ജേതാക്കളായത്. എറണാകുളം നേടിയതാകട്ടെ 247 പോയിന്റും. കോതമംഗലം മാര്‍ ബേസിലിന്റെയും സെന്റ് ജോര്‍ജിന്റെയും ചിറകിലേറിത്തന്നെയാണ് എറണാകുളം പ്രതീക്ഷകള്‍ നെയ്യുന്നത്. പറളിയും കല്ലടിയുമാണ് പാലക്കാടിന്റെ കരുത്ത്. ചാമ്പ്യന്‍ പട്ടത്തിനായുള്ള സ്കൂളുകളുടെ ബലാബലവും ഇത്തവണ കൂടുതല്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ മാര്‍ ബേസില്‍ തികഞ്ഞ ആത്മ വിശ്വാസത്തില്‍.
14 താരങ്ങള്‍ സ്കൂള്‍ മാറിപ്പോയതാണ് മാര്‍ബേസിലിന് ആശങ്ക പകരുന്നത്. കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യന്‍ പട്ടം ലക്ഷ്യമിട്ടാണ് കല്ലടി സ്കൂള്‍ ഇത്തവണ ട്രാക്കിലിറങ്ങുന്നത്. 23 താരങ്ങളുമായാണ് കോതമംഗലം സെന്റ് ജോര്‍ജ്ജ് മീറ്റിനെത്തിയിരിക്കുന്നത്. റെക്കോഡുകള്‍ പിറക്കാന്‍ അനുയോജ്യമായ ട്രാക്കാണ് പാലായിലേതെന്ന കാര്യത്തില്‍ പരിശീലകര്‍ക്കെല്ലാം ഏകാഭിപ്രായം.