ലിവര്‍പൂളിനെ അട്ടിമറിച്ച് ഹള്‍സിറ്റി
|ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. ഹള്സിറ്റിയാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചത്. ചെല്‍സി ആഴ്സണലിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മുന്നേറി. സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വിജയവഴിയില്‍ തിരിച്ചെത്തി.
മൂന്നാം സ്ഥാനത്തെത്താന്‍ ജയം തേടിയിറങ്ങിയ ലിവര്‍പൂളിനെ ഹള്‍സിറ്റി ഞെട്ടിച്ചു. നാല്‍പ്പത്തിനാലാം മിനുട്ടില്‍ എന്‍ഡിയെയും എണ്പത്തിനാലാം മിനുട്ടില്‍ നിയാസ്സെയുമാണ് ഹള്സിറ്റിക്കായി ഗോളുകള്‍ നേടിയത്. തിരിച്ചടിക്കാനായി നിരവധി അവസരങ്ങള്‍ ലിവര്‍പൂളിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
കരുത്തന്മാര് നേര്‍ക്കുനേര്‍ വന്ന മറ്റൊരു മത്സരത്തില്‍ ചെല്‍സി ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. മാര്‍ക്കോസ് അലോണ്‍സോ, ഏദന്‍ ഹസാര്‍ഡ്, ഫാബ്രിഗാസ് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്.
ഒലിവര്‍ ജിറൂഡാണ് ആഴ്സണലിന്റെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. ആഴ്സണല്‍ മൂന്നാം സ്ഥാനത്തേക്കും ലിവര്‍പൂള്‍ നാലാമതുമാണ്. സ്പാനിഷ് ലീഗില്‍ അത്ലറ്റിക്ക് ക്ലബിനെതിരെ ബാഴ്സലോണ ജയിച്ചു കയറിയത് മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ്. അല്‍കാസറും മെസിയും വിദാലുമാണ് ബാഴ്സയുടെ സ്കോറര്‍മാര്‍.