ഇത്തവണ ഐഎസ്എല്ലില്‍ പത്ത് ടീമുകള്‍
|ബംഗലൂരു എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഐഎസ്എല്ലിലെ പുതുമുഖങ്ങള്‍...
ഇത്തവണ ഐഎസ്എല്ലില്‍ പത്ത് ടീമുകളാണ് പന്ത് തട്ടുക. ഇതില്‍ ബംഗലൂരു എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഐഎസ്എല്ലിലെ പുതുമുഖങ്ങള്‍. പുതിയ ടീമുകള്‍ കൂടി എത്തുമ്പോള്‍ ടൂര്‍ണമെന്റ് കരുത്താര്‍ജിക്കുമെന്ന് ഉറപ്പാണ്.
ഐലീഗിലെ ശക്തരായ ബംഗലൂരു ഐഎസ്എല്ലിലേക്കും എത്തുകയാണ്. ആ പേര് ഇനിയുള്ള സീസണുകളില്‍ മുഴങ്ങുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബംഗലൂരുവിനെ എല്ലാ ടീമുകളും കരുതിയിരിക്കണം. ബാഴ്‌സലോണയുടെ മുന്‍ അസിസ്റ്റന്‍ഡ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ തന്ത്രങ്ങളാണ് ഐഎലീഗിന്റെ ശക്തി. സുനില്‍ ഛേത്രി, ലെനി റോഡ്രിഗസ്, റോബിന്‍സണ്‍ സിങ്ങ്, തോങ്കോസിങ് ഹോപ്കിങ്, ഗുര്‍പ്രീത് സിങ് സന്ധു, എഡു ഗാര്‍സിയ തുടങ്ങിയ താരങ്ങളും ടീമിന് മുതല്‍കൂട്ടാണ്.
ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ നയിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയും പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. മലയാളി താരവും ഐഎസ്എല്ലിലെ വിലകൂടിയ താരവുമായ അനസ് എടത്തൊടിയാണ് ജംഷഡ്പുരിന്റെ ശ്രദ്ധാ കേന്ദ്രം. ഏഴ് വിദേശതാരങ്ങളാണ് ടീമിലുള്ളത്. സൂപ്പര്‍ ഗോള്‍ കീപ്പര്‍ സുപ്രതോ പാലും റോബിന്‍ ഗുരുങ്ങും കെര്‍വന്‍ ബെല്‍ഫോര്‍ട്ടും മെഹ്താബ് ഹുസൈനുമെല്ലാം ഐഎസ്എല്ലിന് സുപരിചിതമാണ്. ഏതായാലും നാലാം സീസണില്‍ ബംഗലൂരുവും ജംഷഡ്പൂരും എന്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കണ്ടറിയാം