Sports
വിരലിലൊളിപ്പിച്ച മാജിക്കുമായി കുംബ്ലെ വരുന്നുവിരലിലൊളിപ്പിച്ച മാജിക്കുമായി കുംബ്ലെ വരുന്നു
Sports

വിരലിലൊളിപ്പിച്ച മാജിക്കുമായി കുംബ്ലെ വരുന്നു

admin
|
22 April 2018 1:44 PM GMT

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ കുംബ്ലെ പരിശീലക സ്ഥാനത്തേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ കുംബ്ലെ പരിശീലക സ്ഥാനത്തേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. പുതിയ കാലത്തെ ക്രിക്കറ്റ് അറിയാവുന്ന കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നാണ് പ്രതീക്ഷ.

അനില്‍ കുംബ്ലെയോളം രാജ്യത്തിനൊപ്പം ജയം നേടിയ ഒരു ബൌളര്‍ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ലെഗ്സ്റ്റമ്പിന് പുറത്ത് കുത്തിതിരിയുന്ന പന്തുകള്‍ കൊണ്ട് രണ്ട് പതിറ്റാണ്ടോളം ടീമിനെ ജയിപ്പിച്ചുകൊണ്ടേയിരുന്നു കുംബ്ലെ. ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും കളിച്ച കാലത്ത് പന്തെറിഞ്ഞിട്ടും കുംബ്ലെ ഇതിഹാസമായത് വിരലിലൊളിപ്പിച്ച പ്രതിഭ കൊണ്ട് മാത്രമായിരുന്നു. 1990ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തെറിഞ്ഞ് തുടങ്ങിയ കുംബ്ലെ, പതിനെട്ട് വര്‍ഷം നീണ്ട കരിയറില്‍ 956 വിക്കറ്റുകള്‍ നേടി. ടെസ്റ്റില്‍ 619 ഉം ഏകദിനത്തില്‍ 337 ഉം. അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തില്‍ ജിം ലേക്കറിനൊപ്പം ഒരു പ്രത്യേക ഇടമുണ്ട് കുംബ്ലെക്ക്. ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൌളറെന്ന ബഹുമതി. 1999ല്‍ പാകിസ്താനോടുള്ള മത്സരത്തിലായിരുന്നു ഈ നേട്ടം.

അവശ്യഘട്ടത്തില്‍ ബാറ്റ് കൊണ്ടും ഒരു കൈ നോക്കാന്‍ പ്രാപ്താനായിരുന്നു ഈ കര്‍ണാടകക്കാരന്‍. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയടക്കം 2506 റണ്‍സും ഏകദിനത്തില്‍ 938 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലിലും തിളങ്ങിയ ചരിത്രം കുംബ്ലെക്കൊപ്പമുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായി ആദ്യം. പിന്നെ ബാംഗ്ലൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായി. ഒടുവില്‍ 2012ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച കുംബ്ലെയെ തേടി ഇപ്പോള്‍ ഒരവസരം കൂടി വന്നിരിക്കുന്നു. ഇന്ത്യയില്‍ മടുത്ത് തുടങ്ങിയ ക്രിക്കറ്റിനെ പുതുവഴിയിലേക്ക് നയിക്കാന്‍. ദുര്‍ഗന്ധപൂരിതമായ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതിയ മുഖം തേടുമ്പോള്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്ന ഉപദേശക സമിതി കുംബ്ലെയെ അല്ലാതെ വേറെയാരെ തെരഞ്ഞെടുക്കാന്‍.

Similar Posts