Sports
യുവേഫ സ്വപ്ന ടീമില്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് മേല്‍ക്കൈയുവേഫ സ്വപ്ന ടീമില്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് മേല്‍ക്കൈ
Sports

യുവേഫ സ്വപ്ന ടീമില്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് മേല്‍ക്കൈ

Alwyn
|
22 April 2018 6:41 PM GMT

യൂറോ കപ്പിന് സമാപനമായതിന് പിന്നാലെ യുവേഫ തെരഞ്ഞെടുത്ത ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും താരങ്ങള്‍ക്ക് മേല്‍ക്കൈ.

യൂറോ കപ്പിന് സമാപനമായതിന് പിന്നാലെ യുവേഫ തെരഞ്ഞെടുത്ത ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും താരങ്ങള്‍ക്ക് മേല്‍ക്കൈ. ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന്റെ നാല് താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ജര്‍മനിയുടെ മൂന്നും ആതിഥേയരായ ഫ്രാന്‍സിന്റെ രണ്ടും പേര്‍ ടീമില്‍ ഇടം നേടി.

കന്നിക്കിരീടം നേടി ചരിത്രം രചിച്ച പോര്‍ച്ചുഗലിന് തന്നെയാണ് യുവേഫയുടെ സ്വപ്ന സംഘത്തിലും ആധിപത്യം. പോര്‍ച്ചുഗലിന്റെ വല കാത്ത റൂയി പാട്രീഷ്യോയാണ് യുവേഫ ടീമിലും ഗോള്‍കീപ്പര്‍. പ്രതിരോധ നിര ജര്‍മനിയും പോര്‍ച്ചുഗലും പകുത്തെടുക്കുന്നു. ജര്‍മനിയുടെ പുത്തന്‍ താരോദയം ജോഷ്വ കിമ്മിച്ചും മറ്റൊരു താരമായ ജെറോം ബോട്ടെംഗും പോര്‍ച്ചുഗീസ് പ്രതിരോധത്തിന്റെ നെടുംതൂണായ പെപ്പെയും പുത്തന്‍ പ്രതീക്ഷയായ റാഫേല്‍ ഗുരീറോയുമാണ് സ്വപ്ന ടീമിലെ പ്രതിരോധ ഭടന്മാര്‍.

മധ്യനിരയിലേക്കെത്തിയാല്‍ ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാരായിരുന്ന വെയില്‍സിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ജോ അലനും ആരോണ്‍ റംസിയുമാണ് മധ്യനിരയെ സമ്പന്നമാക്കുന്നത്. ജര്‍മന്‍ താരം ടോണി ക്രൂസാണ് മറ്റൊരു മിഡ്ഫീല്‍ഡര്‍. മുന്നേറ്റ നിരയില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഫ്രാന്‍സിന്റെ മിന്നും താരം ആന്റോണിയോ ഗ്രീസ്മാനും പോര്‍ച്ചുഗസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചപ്പോള്‍ അര്‍ഹിച്ച അംഗീകാരവുമായി ഫ്രാന്‍സിന്റെ ദിമിത്രി പയറ്റുമുണ്ട്. സര്‍ അലക്സ് ഫെര്‍ഗൂസണ്‍ അലയ്ന് ജിറെസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യുവേഫയുടെ സ്ട്രോംങ് പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്. പെപെയും ക്രിസ്റ്റ്യാനോയും കഴിഞ്ഞ വര്‍ഷത്തെ സ്വപ്ന സംഘത്തിലും ഇടംപിടിച്ചിരുന്നു. എക്കാലത്തെയും മികച്ച യൂറോ ടീമിലും ക്രിസ്റ്റ്യാനോ ഇടംപിടിച്ചിട്ടുണ്ട്.

Related Tags :
Similar Posts