ലോര്‍ഡ്സ് ടെസ്റ്റില്‍ പാകിസ്താന് ജയം
|വിജയിക്കാന്‍ 283 റണ്‍സ് എന്ന ലക്ഷ്യം മുന്നിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 207 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകള്‍ .....
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന് മിന്നും ജയം. 75 റണ്‍സിനാണ് മിസ്ബയും സംഘവും ആതിഥേയരെ തകര്‍ത്തത്. വിജയിക്കാന്‍ 283 റണ്‍സ് എന്ന ലക്ഷ്യം മുന്നിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 207 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യാസിര്‍ ഷാ മത്സരത്തിലെ തന്റെ ഇരകളുടെ എണ്ണം പത്തായി ഉയര്‍ത്തി. 48 റണ്‍ നേടിയ ബെയര്‍സ്റ്റോ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നത്. ഒത്തുകളിയില്‍ പിടിക്കപ്പെട്ട് ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ടെസ്റ്റിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ആമിര്‍ ജെയ്ക് ബാളിന്റെ സ്റ്റമ്പ് കടപുഴക്കി പാക് ജയം പൂര്‍ത്തിയാക്കി.
സ്വന്തം കരിയറിനെ മാറ്റിമറിച്ച ലോര്‍ഡ്സില്‍ തന്നെ അവിസ്മരണീയ ജയത്തോടെ തിരിച്ചു വരാനായതിന്റെ സന്തോഷം ആമിര്‍ മറച്ചുവച്ചില്ല. ഏഴാം വിക്കറ്റില്‍ ബെയര്‍സ്റ്റോവും വോക്സും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ രണ്ടാം ഇന്നിങ്സില്‍ ഒരിക്കല്‍ പോലും സാന്നിധ്യമറിയിക്കാന്‍ പോലും കുക്കിനും സംഘത്തിനും കഴിഞ്ഞില്ല. കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതില്‍ പറ്റിയ ഈ വീഴ്ച തന്നെയാണ് നാലാം ദിനം തന്നെ മത്സരം അടിയറവ് പറയുന്നതിലേക്ക് ഇംഗ്ലണ്ടിന് നയിച്ചത്. അലക്ഷ്യമായ ഷോട്ടുകളാണ് പരാജയത്തിന് അടിത്തറ പാകിയതെന്ന് ഇംഗ്ലണ്ട് നായകന് അലിസ്റ്റര്‍ കുക്ക് പറഞ്ഞു, നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇതോടെ പാകിസ്താന് മുന്നിലെത്തി. 22 മുതല്‍ മാഞ്ചസ്റ്ററിലാണ് രണ്ടാം ടെസ്റ്റ്.