ഫ്രഞ്ച് ഓപ്പണില്‍ നദാല്‍- വാവ്റിങ്ക കലാശപ്പോരാട്ടം ഇന്ന്
|കളിമണ്‍ കോര്‍ട്ടിലെ പുതിയ അവകാശി ആരെന്ന് അറിയാനുളള കാത്തിരിപ്പിലാണ് ടെന്നീസ് ലോകം
ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇന്ന് റാഫേല്‍ നദാല്‍- സ്റ്റാന്‍ വാവ്റിങ്ക പോരാട്ടം. സെമിയില്‍ ആന്‍ഡെ മറെയോ തോല്‍പ്പിച്ചാണ് വാവ്റിങ്കയുടെ ഫൈനല്‍ പ്രവേശം. ഡൊമിനിക്ക് തിമിനെ പരാജയപ്പെടുത്തിയാണ് റാഫേല്‍ നദാല്‍ കലാശപ്പോരിലെത്തിയത്. വൈകീട്ട് ആറരക്കാണ് മല്‍സരം.
കളിമണ്‍ കോര്‍ട്ടിലെ പുതിയ അവകാശി ആരെന്ന് അറിയാനുളള കാത്തിരിപ്പിലാണ് ടെന്നീസ് ലോകം. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനാണ് സ്പാനിഷ് താരം റാഫേല്‍ നദാല്‍. പത്താം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിട്ടാണ് നദാല്‍ വാവ്റിങ്കയുമായി ഏറ്റുമുട്ടുക. 2015 ല്‍ ജൊക്കേവിച്ചിനെ തോല്‍പ്പിച്ച് കിരീടം നേടിയ വാവ്റിങ്ക രണ്ടാംതവണ കപ്പുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. നാലാം ഗ്രാന്‍ഡ് സ്ലാമാണ് സ്വിസ് താരത്തിന്‍റെ ലക്ഷ്യം. സെമിയില്‍ ആസ്ട്രിയയുടെ ഡൊമിനിക്ക് തീമിനെ അനായാസം തോല്‍പ്പിച്ചാണ് നദാലിന്‍റെ ഫൈനല്‍ പ്രവേശം.
ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്‍റെ ആന്‍ഡി മറെയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടിവില്‍ കീഴടക്കിയാണ് വാവ്റിങ്ക കലാശപ്പോരിലെത്തിയത്. ഫ്രഞ്ച് ഓപ്പണില്‍ 44 വര്‍ഷത്തിനിടെ ഫൈനലിന് യോഗ്യത നേടുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് 32കാരനായ വാവ്‌റിങ്ക. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ വീണ്ടും വസന്തം വിടര്‍ത്തുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍. അതോ രണ്ടുവര്‍ഷത്തിന് ശേഷം വാവ്റിങ്ക കിരീടം സ്വിറ്റ്സര്‍ലന്‍റിലെത്തിക്കുമോ. വീറുറ്റ പോരാട്ടതിന് റോളണ്ട് ഗ്യാരോസ് കാത്തിരിക്കുകയാണ്.