ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെതിരെ വീണ്ടും പ്രതിഷേധങ്ങള്‍
|2022ല്‍ നടത്താന്‍ നിശ്ചയിച്ച ഫിഫ കപ്പിന്റെ അടിസ്ഥാന സൌകര്യ വികസത്തിനായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന ആരോപണം വിവിധ കേന്ദ്രങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ അറബ് വിരുദ്ധ ശക്തികളാണ് ആരോപണത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചു.
ഖത്തറില്‍ ഫുട്ബോള്‍ നടത്തരുതെന്നാവശ്യപ്പെട്ട് വിവിധ ഗ്രൂപ്പുകള്‍ രംഗത്ത്. 2022ല്‍ നടത്താന്‍ നിശ്ചയിച്ച ഫിഫ കപ്പിന്റെ അടിസ്ഥാന സൌകര്യ വികസത്തിനായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന ആരോപണം വിവിധ കേന്ദ്രങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ അറബ് വിരുദ്ധ ശക്തികളാണ് ആരോപണത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചു.
കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ സമീപനം മാറിയില്ലെങ്കില്‍ 2022ലെ ലോകകപ്പിന്റെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നാണ് ഫിഫ മേധാവികള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരു വര്‍ഷത്തിനകം ഇല്ലാതാക്കണമെന്ന് ഫിഫ പറയുന്നു. ഫിഫ കപ്പിന്റെ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഫിഫ നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ ജോണ്‍ റഗ്ഗി അംഗമായ ഏകാംഗ കമ്മീഷനാണ് സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ ഖത്തരി സര്‍ക്കാര്‍ എല്ലാവിധ സൌകര്യങ്ങളും നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളെ കൊണ്ടുവരുന്ന ബ്രിട്ടീഷ് കരാര്‍ കമ്പനികള്‍ മതിയായ പാര്‍പ്പിട സൌകര്യമടക്കം തൊഴിലാളികള്‍ക്ക് നല്‍കാത്തതാണ് ഫിഫയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
ഖത്തറില്‍ ഫിഫ കപ്പ് നടക്കാതിരിക്കാന്‍ അറബ് വിരുദ്ധ ശക്തികള്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഫിഫയുടെ പുതിയ നീക്കങ്ങളെന്നും ഒരു വിഭാഗം ആരോപണമുയര്‍ത്തുന്നു.