സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യചെയ്യാന്‍ ആലോചിച്ചിരുന്നതായി കുല്‍ദീപ് യാദവ്
|പതിമൂന്ന് വയസുള്ളപ്പോഴാണ് ഉത്തര്‍പ്രദേശിന്റെ അണ്ടര്‍-19 ടീമിലിടം കിട്ടാത്തിന്റെ നിരാശയില്‍ ആത്മഹത്യക്ക് കുല്‍ദീപ് തയ്യാറെടുത്തത്.
സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ച ഒരു നിമിഷം തന്റെ ജീവിതത്തിലുണ്ടായിരുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. പതിമൂന്ന് വയസുള്ളപ്പോഴാണ് ഉത്തര്‍പ്രദേശിന്റെ അണ്ടര്‍-19 ടീമിലിടം കിട്ടാത്തിന്റെ നിരാശയില്‍ ആത്മഹത്യക്ക് കുല്‍ദീപ് തയ്യാറെടുത്തത്. ക്രിക്കറ്റ് കളി എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ചും ഈ സമയം താന്‍ ആലോചിച്ചിരുന്നതായി താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
സെലക്ഷന് ലഭിക്കാനായി ഞാന്‍ കഠിന പ്രയത്നം ചെയ്തിരുന്നു. എന്നാല്‍ ടീമിലിടം കിട്ടാതിരുന്നത് കടുത്ത നിരാശയുണ്ടാക്കി. ഈ സമയമാണ് ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത്. വിഷണ ഘട്ടങ്ങളില്‍ ഇത്തരത്തിലുള്ള ചിന്ത ഉണ്ടാകാറുള്ളതാണല്ലോ? അത്തരമൊരു ദുര്‍ബല നിമിഷത്തിലൂടെയാണ് ഞാനും കടന്നു പോയത് - താരം പറഞ്ഞു.
നല്ല രീതിയില്‍ പഠിക്കുമായിരുന്ന താന്‍ തമാശക്കാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നും ഇതൊരു വരുമാന മാര്‍ഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കുല്‍ദീപ് പറഞ്ഞു. പിതാവാണ് ക്രിക്കറ്റിനെ കാര്യമായെടുക്കാന്‍ തന്നെ ഉപദേശിച്ചതും പരിശീലകനെ കണ്ടെത്തിയതുമെന്നും താരം കൂട്ടിച്ചേര്‍ത്തു.