ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ നിര്‍ണ്ണായക മത്സരം ഇന്ന്
|പരമ്പരയില്‍ ഇരുടീമും ഒപ്പമാണെന്നതിനാല്‍ ഇന്നത്തെ മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ചക്ക് 1.30 നാണ് മത്സരം. പരമ്പരയില്‍ ഇരുടീമും ഒപ്പമാണെന്നതിനാല്‍ ഇന്നത്തെ മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.
ധരംശാലയിലെ കനത്ത തോല്‍വിക്ക് മൊഹാലിയില്‍ അതിലും വലിയ തിരിച്ചടി നല്‍കിയാണ് ടീം ഇന്ത്യ എത്തുന്നത്. ലങ്കയാകട്ടെ അമിത ആത്മവിശ്വാസവുമായി എത്തി മൊഹാലിയില്‍ 141 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത് 392 റണ്‍സാണ്. കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കുക എന്നതാണ് രോഹിതിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
2015 ല്‍ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ പരമ്പര നഷ്ടമായതിന് ശേഷം പിന്നീട് ഇന്ത്യ സ്വന്തം മണ്ണില്‍ പരമ്പര തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. ശിഖര്‍ ധവാന്‍ രോഹിത് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാന പ്രതീക്ഷ. ശ്രയസ് അയ്യരും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങി. മധ്യനിരിയല്‍ ധോണിയും ഹാര്‍ദിക് പാണ്ഡ്യയും കൂടി ഫോം കണ്ടെത്തിയാല്‍ ബാറ്റിങ്ങില്‍ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് തിളങ്ങാനായിട്ടില്ല.
യുസ്‌വേന്ദ്ര ചാഹല്‍, ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ക്കൊപ്പം പുതുമുഖം വാഷിങ്ടണ്‍ സുന്ദറും ബൗളിങ്ങില്‍ നിരയിലുണ്ട്. തിസാര പെരേര നയിക്കുന്ന ടീമില്‍ എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്. ബൗളിങ്ങില്‍ ലക്മല്‍ ഇടയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ചില സമയങ്ങളില്‍ വലിയ തിരിച്ചടിയും നേരിടും. നുവാന്‍ പ്രദീപ് നൂറ് റണ്‍സിലധികമാണ് കഴിഞ്ഞ മത്സരത്തില്‍ വഴങ്ങിയത്. ടെസ്റ്റ് പരമ്പര തോറ്റ ലങ്ക ഏകദിനം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.