റിയോയില്‍ ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍
|അമ്പെയ്ത്ത്, ഷൂട്ടിങ്ങ്, ജിംനാസ്റ്റിക്സ്, ഹോക്കി എന്നിവയിലാണ് ഇന്ത്യ ഇറങ്ങുന്നത്. വനിതകളുടെ ഷൂട്ടിങ്ങില്‍ ഫൈനലും ഇന്ന് നടക്കും
റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍. അമ്പെയ്ത്ത്, ഷൂട്ടിങ്ങ്, ജിംനാസ്റ്റിക്സ്, ഹോക്കി എന്നിവയിലാണ് ഇന്ത്യ ഇറങ്ങുന്നത്. വനിതകളുടെ ഷൂട്ടിങ്ങില്‍ ഫൈനലും ഇന്ന് നടക്കും.
ഷൂട്ടിങ് വനിതാവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്തളിലാണ് ഇന്ത്യ ആദ്യമിറങ്ങുക. വൈകിട്ട് 5.30ക്ക് നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി ഹീന സിദ്ദു ഷൂട്ടിങ് റേഞ്ചിലെത്തും. ഇതേയിനത്തില്‍ നിലവിലെ ലോകറെക്കോര്‍ഡിനുടമയാണ് ഹീന. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്ന്. പുരുഷവിഭാഗത്തില്‍ ട്രാപ്പിനത്തില്‍ മാനവ്ജിത് സിങ് സന്ദുവും കൈനാന്‍ ചെനായിയും ഇന്നിറങ്ങും. മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ഈയിനത്തില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ കുറവാണ്.
ജിംനാസ്റ്റ്കിസില് ഇന്ത്യ കാത്തിരുന്ന പോരാട്ടം ഇന്ന് നടക്കും. വേദിയില്‍ വിസ്മയമായി ദീപാ കര്മ്മാക്കാറിറങ്ങും. ഈയിനത്തില്‍ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് ഈ 22കാരി. വൈകീട്ട് 6.15നാണ് ദീപയുടെ മത്സരം. അമ്പെയ്ത്ത് ടീമിനത്തില്‍ രണ്ടാം റൌണ്ട് മത്സരത്തില്‍ ഇന്ത്യ കൊളംബിയയെ നേരിടും. റാങ്കിംഗ് റൌണ്ടില്‍ ദീപിക കുമാരി ,റാണി ലക്ഷ്മി മാജി, ബൊംബെയ്ല ദേവി ലെയ്ഷറാം എന്നിവരടങ്ങുന്ന സംഘം ഏഴാമതായാണ് ഫിനിഷ് ചെയ്തത്. റാങ്കിങ്ങില്‍ പത്താമതാണ് കൊളംബിയയെന്നത് ഇന്ത്യന്‍ സംഘത്തിന് പ്രതീക്ഷ നല്കുന്നു.
വനിതാഹോക്കിയില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ജപ്പാനെ നേരിടും. പുരുഷഹോക്കിയില്‍ അയര്‍ലാന്‍ഡിനെതിരെ നേടിയ ജയം സുശീയ ചാനുവിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന് ആത്മവിശ്വാസമാകും.