ട്വന്റി-20യില്‍ ഇന്ന് ക്ലാസിക് പോരാട്ടം, ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍
|കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ആതിഥേയരായ ഇന്ത്യക്ക് പാകിസ്താനാണ് എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ല. ഈ കണക്കില്‍ തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ മുഴുവന്‍. ചരിത്രം വഴിമാറുമെന്ന പ്രതീക്ഷയിലണ്
ഷാഹിദ് അഫ്രീദിയും സംഘവും. കൊല്‍ക്കത്തിയിലെ ഈഡന് ഗാര്‍ഡന്‍സ് പാകിസ്താന്റെ ഭാഗ്യവേദിയാണ്. ഇന്ത്യക്കെതിരെ കളിച്ച നാല് മത്സരങ്ങളില്‍ നാലിലും ജയം. ആദ്യമത്സരത്തില്‍ തന്നെ ന്യൂസിലാന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യക്കിത് ജീവന്മരണപോരാട്ടമാണ്. തോറ്റാല്‍ സ്വന്തം നാട്ടിലെ ലോകകപ്പ് ചിലപ്പോള്‍ ടിവിയില്‍ കാണേണ്ടി വരും. മറുവശത്ത് ബംഗ്ലാദേശിനെ തവിടുപൊടിയാക്കിയ ശേഷമാണ് പാകിസ്താന്റെ വരവ്. മുഹമ്മദ് ആമിറിന്റെ തീ പാറുന്ന പന്തിനെ മാത്രമല്ല, ഷാഹിദ് അഫ്രീദിയുടെ പന്തിനെയും ഇന്ത്യക്ക് പേടിച്ചേ മതിയാകൂ.
ഏഷ്യാകപ്പില്‍ പാകിസ്താനെ മുട്ടുകുത്തിച്ച ബാറ്റിങ് നിര ന്യൂസിലാന്റിനെതിരെ ബാലപാഠങ്ങള്‍ പോലും മറന്നാണ് ബാറ്റ് വീശിയത്. അമിത ആത്മവിശ്വാസമാണ് ടീമിനെ കുഴിയില്‍ ചാടിച്ചതെന്നു ധോണി പറയുന്നെങ്കിലും അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് കളയുന്നതാണ് ബാറ്റിങ് നിരയുടെ പ്രധാന പോരായ്മയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്രിക്കറ്റിലെ ക്ലാസിക് പോരാട്ടത്തില്‍ ജയത്തില്‍ കുറഞ്ഞ ഒന്നും ഇരുടീമുകളും ലക്ഷ്യം വയ്ക്കുന്നുണ്ടാകില്ല. വന്‍ സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരുന്നത്.