റൊണാൾഡോ മാജിക്കിൽ വീണുപോയ വെയിൽസ്
|ഇതു വരെ കണ്ട ഏറ്റവും മികച്ച കെട്ടുറപ്പുള്ള സംഘ ബലമുള്ള ടീം ആയിരുന്നു വെയിൽസ് എങ്കിൽ റൊണാൾഡോയുടെ ടീമിൽ അവസരത്തിന് ഒത്തുയരുവാൻ റിനാറ്റോ സാഞ്ചസ് എന്ന പുതിയ പയ്യനും കാരണവരായ പെപ്പേക്കും വില്യം കർവായോക്കും
വിജയിക്കുന്നതിൽ അല്ല പങ്കെടുക്കുന്നതിൽ ആണ് കാര്യം എന്ന ഒളിമ്പിക് തത്വമനുസരിച്ചു കളിക്കുവാൻ എത്തിയ ഒരു സാധാരണ ടീം ആയിരുന്നു ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ വെയിൽസ് എന്നായിരുന്നു ബെൽജിയവുമായിട്ടുള്ള അവരുടെ ക്വാർട്ടർ ഫൈനൽ മത്സരം വരെയുള്ള പ്രകടനങ്ങൾ കാണുന്നത് വരെയുള്ള വിലയിരുത്തലുകൾ. മാത്രമല്ല ഗാരത് ബേയിൽ എന്ന വിഖ്യാതനായ പന്തുകളിക്കാരന്റെ മികവിൽ മാത്രം ഒതുങ്ങുന്ന ഒരു ടീം എന്നും അവരെ വില കുറച്ചു കണ്ടിരുന്നു. ഉത്തര അയർലൻഡിന് എതിരെയുള്ള പ്രീ ക്വാർട്ടറിലെയും കപ്പിന് അവകാശികളായി ഫുട്ബോൾ പണ്ഡിറ്റുകൾ കണ്ടിരുന്ന ബെൽജിയത്തിനെതിരെയുമുള്ള ക്വാർട്ടറിലെയും അവരുടെ സംഘടിത മുന്നേറ്റങ്ങളും കണ്ട ശേഷമായിരുന്നു അവരെ ഒരു ടീം ആയിട്ടു അംഗീകരിക്കുവാൻ പോലും നമ്മൾ തയ്യാറായത്.
ബെയിലിനെപ്പോലെ അപൂർവം ചില വമ്പൻമാർ ഒഴികെയുള്ളവർ ചെറുകിട ടീമുകളിൽ കളിക്കുന്നവരും തൊഴിൽരഹിതരും ആയിരുന്നിട്ടുകൂടി കളിച്ച കളികളൊക്കെ അവർ കളിയാരാധകരുടെ മനസിൽ കൊണ്ടെത്തിച്ചു, വെള്ളി വെയിൽ പോലെ പരന്നൊഴുകി, ഗോളുകൾ അടിച്ചു തകർത്തുകൊണ്ടവർ യൂറോ ചരിത്രത്തിന്റെ ഭാഗമായി ആദ്യ പങ്കാളിത്തത്തിൽ തന്നെ അവസാന നാലിൽ ഇടം തേടുകയും ചെയ്തു.
ആദ്യ റൗണ്ടുകളിൽ പാടെ നിരാശപ്പെടുത്തിയ ടീമാണ് മുൻ സെമി ഫൈനലിസ്റ്റുകളും മുൻ ലോക ഫുട്ബോളർ ക്രസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കൊണ്ടുമാത്രം കപ്പിനു അവകാശം കല്പിച്ചു നൽകപ്പെട്ടവരുമായ പോർട്ടുഗൽ. യൂറോകപ്പിൽ നിലവിലുള്ള പ്രത്യക നിയമം അവർക്കു അനുകൂലമായത് കൊണ്ടു മാത്രമായിരുന്നു ഒറ്റ ഒരു കളിപോലും ജയിക്കാതെ അവർ പ്രീ ക്വാർട്ടറിൽ ചെന്നെത്തിയത് ക്വാർട്ടറിൽ ആകട്ടെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ പോളണ്ടിനെ മറികടക്കാനാവുകയും ചെയ്തു.
ഈ രണ്ടു ടീമുകൾക്കും ഉള്ള ഏറ്റവും വലിയ സവിശേഷത ഇവരുടെ അണികളിലുള്ള രണ്ടു സൂപ്പർ സ്റ്റാറുകളുടെ സാന്നിധ്യമാണ്. ലോക ട്രാൻസ്ഫർ വിപണിയിൽ റിക്കാർഡ് വില നേടിയ ഗാരത്ത് ബെയിലും 3 തവണ ലോകത്തെ ഏറ്റവും മികച്ച പന്തുകളിക്കാരനായ റൊണാൾഡോയുടെയും ടീമുകൾ. എന്നാൽ കളിതുടങ്ങി കഴിഞ്ഞ ശേഷമാണ് നാം അറിഞ്ഞത് രണ്ടു ഒറ്റയാൾ പട്ടാള ടീമുകൾ എന്ന വിശേഷണമല്ല അവർക്കു ഇണങ്ങുന്നതു. ഇതു വരെ കണ്ട ഏറ്റവും മികച്ച കെട്ടുറപ്പുള്ള സംഘ ബലമുള്ള ടീം ആയിരുന്നു വെയിൽസ് എങ്കിൽ റൊണാൾഡോയുടെ ടീമിൽ അവസരത്തിന് ഒത്തുയരുവാൻ റിനാറ്റോ സാഞ്ചസ് എന്ന പുതിയ പയ്യനും കാരണവരായ പെപ്പേക്കും വില്യം കർവായോക്കും ഗോളി റൂയി പാട്ടറീഷ്യോക്കും കഴിഞ്ഞപ്പോൾ അവരും കെട്ടുറപ്പിന്റെയും ഗതിവേഗത്തിന്റെയും പന്തു കളിക്കുന്നവരായി. അതാണ് ഇരു ടീം പരിശീലകരെ ഇന്ന് അലട്ടിയ പ്രശ്നവും. മുന്നേറ്റ നിരക്ക് കരുത്തു നൽകി കടന്നാക്രണണമാണോ വേണ്ടത് അതല്ലങ്കിൽ കടന്നാക്രമണങ്ങൾ തടഞ്ഞിട്ട ശേഷം അസുലഭ അവസരങ്ങൾ വിനിയോഗിക്കുകയോ?
രണ്ടു മഞ്ഞക്കാർഡ് കണ്ടു പുറത്തുപോകേണ്ടിവന്ന വില്യം കാർവായൊക്കും കഴിഞ്ഞ ദിവസം പരുക്ക് പറ്റിയ പേപ്പേക്കും പകരക്കാരെ കണ്ടെത്തുകയും വേണ്ടി വന്നു കോച്ചു ഫർണാണ്ടോ സാന്റോസിന്. സോറസിനെയും ബ്രൂണോ ആൽവസിനേയും പിൻ നിരയിൽ നിർത്തി 4-1-3-2 ശൈലിയിൽ പോർട്ടുഗൽ ടീമിനെ അണി നിർത്തിയ കടന്നാക്രമണം പ്രഖ്യാപിച്ചു കൊണ്ടു തന്നെയായിരുന്നു , വെയില്സിന്റെയും സ്ഥിതി മറിച്ചായിരുന്നില്ല അവരുടെ അദ്യ വിജയങ്ങളിൽ ഒക്കെ പ്രധാന പങ്കാളികളായിരുന്നു ആരോൺ റാംസിയും ബെൻ ഡേവിസും മഞ്ഞക്കാർഡുകൾ കണ്ടു പുറത്തായത് പകരംവയ്ക്കാൻ കഴിയാത്ത നഷ്ടമായിരുന്നു. ജെയിംസ് കോളിന്സിനെയും ആന്റി കിങ്നെയും പകരക്കാരാക്കി 3-5-1-1 ശൈലിയിൽ കടുത്ത പ്രതിരോധമായിരുന്നു അവർ ഒരുക്കിയത്.
എന്നാൽ ഈ ഫോർമേഷൻ കടലാസിൽ മാത്രം ഒതുക്കിക്കൊണ്ടു തോൽക്കാതിരിക്കുവാൻ കളിക്കുക എന്ന തന്ത്രമായിരുന്നു ആദ്യം ഇരു കൂട്ടരും സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഒന്നാം പകുതിയിൽ സംഘടിത മുന്നേറ്റങ്ങളോ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള കടന്നാക്രമങ്ങളോ അത്യപൂർവങ്ങളുമായി ക്ര്യസ്റ്റാനോ റൊണാൾഡോയെ സർവതന്ത്ര സ്വതന്ത്രനായി വിട്ടുകൊണ്ട് റിനാറ്റോ സാഞ്ചസിനെ നിയത്രിക്കുക എന്നതന്ത്രമായിരുന്നു ഗാരത്ത് ബെയിലും കൂട്ടരും ആദ്യമേ സ്വീകരിച്ച തന്ത്രം. അതു വഴി റൊണാൾഡോയെ നിരായുധനാക്കുകയായിരുന്നു അവരുടെ ലക്ഷ്യം . ഒന്നാം പകുതിയിൽ അതു അവർ ഭംഗിയായി പ്രാവർത്തികമാക്കിയപ്പോൾ തോൽക്കാതിരിക്കുവാൻ കളിച്ച രണ്ടു ടീമുകളുടെ പ്രാകൃത ഫുട്ബാളിന്റെ പുത്തൻ അവതരണത്തിൽ മനം മടുപ്പിക്കുന്നതായി ആദ്യ പകുതി.
ഇതിനിടയിൽ ബെയിലിന്റെ ആകസ്മിക ഒറ്റയാൻ കടന്നുകയറ്റങ്ങളും കൂറ്റൻ ലോങ് റേഞ്ചു ഷൂട്ടുകളും ഗോളി റൂയീ പാട്ട്രീഷ്യോയുടെ സമർത്ഥമായ സേവുകളുമായി ഒന്നാം പകുതി ഗോൾ രഹിതമായി കടന്നുപോയി വെറുപ്പിച്ച ഒന്നാം പകുതിക്കു ശേഷം വീരോചിതയായി മടങ്ങിയെത്തിയ റൊണാൾഡോയും കൂട്ടരും ആദ്യ പന്തുമുതലെ കടന്നാക്രമണവും തുടങ്ങി. ജോ അലന്റെ തടവിൽ നിന്നു മോചിതനായ റിനാറ്റോ സാഞ്ചസും ജാവോ മാറിയോയും ഒത്തിണങ്ങി മുന്നേറിയപ്പോൾ നാനിക്കും റൊണാൾഡോക്കും കളിയില് ആദ്യമായി പന്തു കിട്ടാനും തുടങ്ങി.
ജോമാറിയോ പിൻനിരയിൽ നിന്നെത്തിച്ചപന്തു നാൽപ്പത്തി ഒൻപതാം മിനിറ്റിൽ കോളിൻസ്, റൊണാൾഡോയെ ഫൗൾ ചെയ്തപ്പോൾ കിട്ടിയ ഫ്രീ കിക്ക് റൊണാൾഡോ എടുത്തത് നായകൻ ആഷ്ലി വില്യംസ് കോര്ണറിനു വാങ്ങി രക്ഷപ്പെടുത്തി. കോർണർ എടുത്ത ഗ്വരേറോ അതു മഴവില്ലുപോലെ നേരെ പോസ്റ്റിനു പാരലലായി അടിച്ചു വിട്ടു പന്തു കിട്ടാതെ വിഷമിച്ചിരുന്ന റൊണാൾഡോ രാജകീയ പ്രൗഢിയോടെ അതു ഹെഡ് ചെയ്തു വെയിൽസ് വലകടത്തിയപ്പോൾ പോർട്ടുഗലിന്റെ കലാശക്കളിക്കുള്ള വഴി തെളിയുകയായിരുന്നു. രാജകീയമായ ഈ മുന്നേറ്റത്തിന്റെ ആരവം അടങ്ങുന്നതിനു മുന്നേ പോർട്ടുഗീസുകാരുടെ രണ്ടാം ഗോളും പിറന്നു കഴിഞ്ഞിരുന്നു. അതും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിചയ സമ്പത്തിന്റെ പ്രതിഫലനം തന്നെയായി.
ജാവോ മാറിയോയുടെ പാസ് 25 മീറ്റർ അകലെ നിന്നു റൊണാൾഡോ ഹെന്നസിയുടെ വല ലക്ഷ്യമാക്കിയപ്പോൾ പെനാൽറ്റി ബോക്സിൽ നിന്നിരുന്ന റിനാറ്റോ സാഞ്ചേസ് മെല്ലെത്തട്ടി അതു നാനിക്കിട്ടുകൊടുത്തത് കുറുക്കന്റെ കൗശലത്തോടെ നാനി അതു വെയിൽസിന്റെ വലയിൽ എത്തിച്ചപ്പോൾ അവരുടെ നായകൻ ആഷ്ലി വില്യംസും ഇന്ത്യൻ വംശജൻ നെയിൽ റ്റയിലറും അതു ഓഫ് സൈഡ് കണക്കാക്കി തടയാതിരുന്നതോടെ നാനിയുടെ ശ്രമം അനായാസവുമായി ക്ര്യസ്റ്റിയാനോ റൊണാൾഡോയെ സ്വതന്ത്രനായി വിട്ടുകൊണ്ട് മറ്റു മധ്യ നിരക്കാരെ തടയുക എന്ന തന്ത്രം ആദ്യ പകുതിയിൽ വിജയകരമായി പ്രാവർത്തികമാക്കിയ വെയിൽസിന്റെ തന്ത്രം രണ്ടാം പകുത്തിയിൽ റിനാറ്റോ സാഞ്ചസും ജോ മാറിയോയും തന്ത്രപൂർവം പരാജയപ്പെടുത്തിയപ്പോൾ റൊണാൾഡോ തന്നെയായി ഇന്നത്തെ വിജയ ശില്പി. ഒപ്പം സാർവ്വ ദേശീയ മത്സര പങ്കാളിത്തമില്ലാത്ത വെയിൽസിന്റെ പരിചയക്കുറവും അവർക്കു പരിചയ സമ്പന്നരായ പോർട്ടുഗീസുകാരെ തടയിടുന്നതിൽ പാളിച്ചകളുണ്ടാക്കി.
ആദ്യ ദിവസങ്ങളിലെ അവരുടെ അപ്രതീക്ഷിത മുന്നേറ്റങ്ങളുമായി തുലനം ചെയ്യാൻ കഴിയാത്ത വിധമായി ഇന്നത്തെ അവരുടെ ഒത്തൊരുമയില്ലാത്ത മുന്നേറ്റങ്ങൾ. അതുകൊണ്ടുതന്നെ ഗാരത്ത് ബെയ്ൽ എന്ന ഒറ്റയാളുടെ മുന്നേറ്റങ്ങളായി വെയിൽസിന്റെ ഇന്നത്തെ കടന്നുകയറ്റങ്ങളും ഗോൾ ശ്രമങ്ങളും ഒപ്പം നായകൻ ആഷ്ലി വില്യംസും ബെൽജിയത്തിനു എതിരെ കളം നിറഞ്ഞു കളിച്ചിരുന്ന റോബ്സൺ കാനുവും അവരുടെ നിഴലുകൾ മാത്രമായപ്പോൾ യൂറോ കപ്പിലെ ആദ്യ പങ്കാളിത്തത്തിലെ ആദ്യ ഫൈനൽ എന്ന സ്വപ്നം സെമിയിൽ അവസാനിക്കുകയും ചെയ്തു. മറുവശത്തു ഒരു കളിയും ജയിക്കാതെ ഭാഗ്യം കൊണ്ടു അവസാന നാലിൽ എത്തിയ പോർട്ടുഗീസുകാർ അസുലഭ അവസരങ്ങളുടെ ബുദ്ധിപൂർവ വിനിയോഗമാണ് ഫുട്ബാളിന്റെ സൗന്ദര്യം എന്നു തെളിയിച്ചുകൊണ്ട് കിട്ടിയ രണ്ടു അവസരങ്ങളും വീരോചിതമായ വിനിയോഗിച്ചുകൊണ്ടു 2004 നു ശേഷമുള്ള അവരുടെ രണ്ടാം ഫൈനലിലേക്ക് ഇരച്ചു കയറുകയും ചെയ്തു.