സ്പോര്‍ട്സ് കൌണ്‍സില്‍ പരിശീലകരായി ഒളിമ്പ്യന്മാര്‍
|പി അനില്‍കുമാര്‍, ഒ പി ജെയ്ഷ, പി ടി പൌലോസ് എന്നിവരെ പരിശീലകരായി നിയമിക്കാന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ തീരുമാനിച്ചു.
ഒളിമ്പ്യന്മാര്‍ ഇനി സ്പോര്‍ട്സ് കൌണ്‍സില്‍ പരിശീലകരാകും. പി അനില്‍കുമാര്‍, ഒ പി ജെയ്ഷ, പി ടി പൌലോസ് എന്നിവരെ പരിശീലകരായി നിയമിക്കാന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ തീരുമാനിച്ചു. ജൂണ്‍ ആദ്യവാരം നിയമനമുണ്ടാകും.
സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കേരളത്തിന്റെ എക്കാലത്തെയും മികച്ച സ്പ്രിന്ററായ പി അനില്‍കുമാര്‍ സായിയിലെ ജോലി രാജിവെച്ചാണ് സ്പോര്‍ട്സ് കൌണ്‍സില്‍ കോച്ചാവുന്നത്. ദീര്‍ഘ ദൂര ഓട്ടത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച താരമാണ് ഒ പി ജെയ്ഷ. ഇരുവരും അത്‌ലറ്റിക്സ് പരിശീലകരാവും. പി ടി പൌലോസ് റോവിങ് പരിശീലകനാവും.
റിയോ ഒളിമ്പിക്സില്‍ 400 മീറ്ററില്‍ മത്സരിച്ച അനസും അപേക്ഷിച്ചിരുന്നെങ്കിലും സ്പോര്‍ട്സ് കൌണ്‍സില്‍ പരിഗണിച്ചില്ല. കൌണ്‍സിലിന്റെ എലൈറ്റ് സ്കീമില്‍ ഉള്‍പ്പെട്ട അനസ് അടുത്ത ഒളിമ്പിക്സിലും യോഗ്യത നേടാന്‍ സാധ്യതയുള്ളതിനാലാണ് തത്കാലം പരിഗണിക്കാതിരുന്നത്. ഒളിമ്പ്യന്മാരുടെ മത്സരപരിചയവും അനുഭവ സമ്പത്തും പുതുതലമുറക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
ഒളിമ്പിക്സ് ലക്ഷ്യമിട്ട് താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ഓപറേഷന്‍ ഒളിമ്പിയ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഒളിമ്പ്യന്മാരെ പരിശീലകരാക്കുന്നത്. ദീര്‍ഘ അവധിയിലുള്ള പരിശീലകരെ ഒഴിവാക്കാനും സ്പോര്‍ട്സ് കൌണ്‍സിലിന് ആലോചനയുണ്ട്.