ഡിവില്ലിയേഴ്സ് ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കും
|അടുത്ത ലോകകപ്പ് ലക്ഷ്യമിടുന്ന ഡിവില്ലിയേഴ്സിന് ഒരു വിലപ്പെട്ട ഉപദേശവും സ്മിത്ത് നല്‍കുന്നുണ്ട് - നായക പദവി ഒഴിഞ്ഞ് കളി ആസ്വദിച്ച് കായികക്ഷമത നിലനിര്‍ത്തുക
ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകന് എബി ഡിവില്ലിയേഴ്സ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. ആഗസ്റ്റ് ആദ്യവാരത്തോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് ഡിവില്ലിയേഴ്സ് ആലോചിക്കുന്നത്. ഇത്തരമൊരു ആഗ്രഹം കഴിഞ്ഞ വര്‍ഷം തന്നെ ക്രിക്കറ്റ് സൌത്ത് ആഫ്രിക്കയെ താരം അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവസരം നല്കിയ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഒരു മനംമാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഏകദിന , ട്വന്റി20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. 2109ല്‍ നടക്കാനിരിക്കുന്ന ലോകകപ്പാണ് ഡിവില്ലിയേഴ്സ് ലക്ഷ്യമിടുന്നതെന്നതാണ് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇതുവരെ തയ്യാറായിട്ടില്ല.
പരിക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായതും ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ ഡിവില്ലിയേഴ്സിനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്. അന്താരാഷ്ട്ര കരിയര്‍ കഴിയാവുന്നത്ര നീട്ടാനായി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക് ആദ്യമായി സൂചന നല്‍കിയത് ഈ തിരിച്ചറിന്റെ കൂടി ബലത്തിലാണ്.
കഴിഞ്ഞ വര്‍ഷം ഡിവില്ലിയേഴ്സ് ഇത്തരത്തിലൊരു ചിന്ത മുന്നോട്ട് വച്ചതായാണ് തന്റെ പരിമിതമായ അറിവെന്ന് മുന്‍ നായകന് സ്മിത്ത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത ലോകകപ്പ് ലക്ഷ്യമിടുന്ന ഡിവില്ലിയേഴ്സിന് ഒരു വിലപ്പെട്ട ഉപദേശവും സ്മിത്ത് നല്‍കുന്നുണ്ട് - നായക പദവി ഒഴിഞ്ഞ് കളി ആസ്വദിച്ച് കായികക്ഷമത നിലനിര്‍ത്തുക.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന ട്വന്റി20 ലീഗുകളിലെ പ്രധാന സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡിവില്ലിയേഴ്സ് കുട്ടിക്രിക്കറ്റിലെ കിരീടംവയ്ക്കാത്ത രാജാവാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും ഫോമിലേക്കുള്ള ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം കണ്ടു. ക്രീസിലെ ഈ മിന്നല്‍പ്പിണറിനെ കഴിയാവുന്നത്ര കൂടെനിര്‍ത്താനാകും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.