ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തി ധോണി
|2016 ജനുവരിക്ക് ശേഷം ഇതാദ്യമയാണ് പത്തിലൊരാളായി മുന്‍ ഇന്ത്യന്‍ നായകന്‍ ലോക റാങ്കിങ്ങില്‍ ഇടം പിടിക്കുന്നത്.
മഹേന്ദ്ര സിങ് ധോണി എന്ന കളിക്കാരന്‍റെ ആവശ്യകത ഇന്ത്യന്‍ ടീം ഏറെ മനസിലാക്കിയ പരമ്പരയായിരുന്നു ശ്രീലങ്കക്കെതിരെ അവസാനിച്ച ഏകദിനങ്ങള്‍. എഴുതി തള്ളിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ബാറ്റ് കൊണ്ട് ചുട്ട മറുപടി നല്‍കിയ ധോണി ഐസിസി ലോക റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയിരിക്കുകയാണ്. 2016 ജനുവരിക്ക് ശേഷം ഇതാദ്യമയാണ് പത്തിലൊരാളായി മുന്‍ ഇന്ത്യന്‍ നായകന്‍ ലോക റാങ്കിങ്ങില്‍ ഇടം പിടിക്കുന്നത്.
നാല് മത്സരങ്ങളില്‍ നിന്നും 162 റണ്‍സാണ് പരമ്പരയില്‍ ധോണി സ്വന്തമാക്കിയത്. ഇതില്‍ മൂന്നെണ്ണത്തില്‍ നിര്‍ണായക ഇന്നിങ്സാണ് മഹി കെട്ടഴിച്ചത്. ഒരിക്കല്‍ പോലും ധോണിയെ പുറത്താക്കാന്‍ ലങ്കന്‍ ബൌളര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല. ഇതിനിടെ 300 ഏകദിന മത്സരമെന്ന റെക്കോർഡും സ്റ്റംപിങ്ങിൽ സെഞ്ച്വറിയും ധോണി നേടിയിരുന്നു.