Sports
രോഹന്‍ ബൊപ്പണ്ണ റിയോ ഒളിംപിക്സിന് യോഗ്യത നേടിരോഹന്‍ ബൊപ്പണ്ണ റിയോ ഒളിംപിക്സിന് യോഗ്യത നേടി
Sports

രോഹന്‍ ബൊപ്പണ്ണ റിയോ ഒളിംപിക്സിന് യോഗ്യത നേടി

admin
|
4 May 2018 7:49 PM GMT

എടിപി ഡബിള്‍സ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയതോടെയാണ് ബൊപ്പണ്ണ റിയോയിലേക്ക് നേരിട്ട് യോഗ്യത നേടിയത്.

ഇന്ത്യന്‍ ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ റിയോ ഒളിംപിക്സിന് യോഗ്യത നേടി. എടിപി ഡബിള്‍സ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയതോടെയാണ് ബൊപ്പണ്ണ റിയോയിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഡബിള്‍സ് പങ്കാളിയെ ബൊപ്പണ്ണക്ക് തീരുമാനിക്കാം.

എടിപി ഡബിള്‍സ് റാങ്കിംഗില്‍ പത്താം സ്ഥാനത്തെത്തിയതോടെയാണ് രോഹന്‍ ബൊപ്പണ്ണ റിയോ ഒളിംപിക്സിലേക്ക് നേരിട്ടുള്ള പ്രവേശനം ഉറപ്പാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സിലെ മികച്ച പ്രകടനമാണ് ബൊപ്പണ്ണയ്ക്ക് ഗുണം ചെയ്തത്. ബൊപ്പണ്ണ- ഫ്ലോറിന്‍ മെര്‍ഗിയ സഖ്യം ഫ്രഞ്ച് ഓപ്പണിന്‍റെ ക്വാര്‍ട്ടറിലെത്തിയിരുന്നു. നേരിട്ട് പ്രവേശനം നേടിയതോടെ ഡബിള്‍സ് പാര്‍ട്ണറെ ബൊപ്പണ്ണയ്ക്ക് തീരുമാനിക്കാം. റാങ്കിംഗില്‍ നാല്‍പത്തിയാറാം റാങ്കിലുള്ള ലിയാന്‍ഡര്‍ പെയ്സാണ് ബൊപ്പണ്ണക്ക് പിറകിലുള്ള ഇന്ത്യന്‍ താരം. എന്നാല്‍ പെയ്സിനെ പങ്കാളിയാക്കാന്‍ ബൊപ്പണ്ണ തയ്യാറാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെയ്സിനൊപ്പം റാക്കറ്റേന്തെണ്ടെന്ന് ബൊപ്പണ്ണ തീരുമാനിക്കുകയാണെങ്കില്‍ സാകേത് മൈനേനിയോ പുരവ് രാജയോ ആയിരിക്കും പാര്‍ട്ണറായി എത്തുക. ഏറ്റവും മികച്ച ടീമിനെ റിയോയിലേക്ക് അയക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് ഫെഡറേഷന്‍ അറിയിച്ചു. പെയ്സിനെ ഒഴിവാക്കാന്‍ ബൊപ്പണ്ണ തീരുമാനിച്ചാല്‍ അനുനയത്തിന് എ.ഐ.റ്റി.എഫ് ശ്രമിക്കും.

മിക്സഡ് ഡബിള്‍സില്‍ സാനിയ- ബൊപ്പണ്ണ സഖ്യമായിരിക്കും ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. വനിതാ ഡബിള്‍സില്‍ പ്രാര്‍ഥന തോംബ്രെ ആയിരിക്കും സാനിയയുടെ പാര്‍ട്ണര്‍.

Related Tags :
Similar Posts