ഫുട്ബോള്‍: ജര്‍മന്‍ ക്ലബ്ബിനെ തകര്‍ത്ത് ഇന്ത്യന്‍ സംഘം
|ജര്‍മന്‍ യൂത്ത് ലീഗില്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ റോട്ട് വെയ്‍സ് ഒബര്‍ഹൂസന്‍ ടീമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ അണ്ടര്‍ 17 ടീം വെന്നിക്കൊടി പാറിച്ചത്.
ഫുട്ബോള്‍ ലോകത്ത് ഇന്ത്യയുടെ യുവരക്തം കരുത്ത് തെളിയിച്ചു. ജര്‍മന്‍ അണ്ടര്‍ 17 യൂത്ത് ലീഗില്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ റോട്ട് വെയ്‍സ് ഒബര്‍ഹൂസന്‍ ടീമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ അണ്ടര്‍ 17 ടീം വെന്നിക്കൊടി പാറിച്ചത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ ടീം ആദ്യ വെടിപൊട്ടിച്ചു. അഭിജിത് സര്‍ക്കാറിന്റെ നീക്കം ജര്‍മന്‍ വലയില്‍ വിശ്രമിച്ചതോടെ ഇന്ത്യ കളിയില്‍ ആധിപത്യം നേടി. ഇന്ത്യന്‍ ടീം ആധിപത്യം നേടിയതോടെ ജര്‍മന്‍ താരങ്ങള്‍ പ്രത്യാക്രമണം തുടങ്ങി. കൂടുതല്‍ സമയം പന്ത് കൈവശം വെക്കാനും ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുക്കാനും ശ്രമിച്ച അവരുടെ നീക്കം 13 മിനിറ്റില്‍ സമനില ഗോളില്‍ കലാശിച്ചു. എന്നാല്‍ 37 ാം മിനിറ്റില്‍ അങ്കിത് ജാധവിലൂടെ ഇന്ത്യ വീണ്ടും ലീഡ് നേടി. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ സമഗ്രാധിപത്യമായിരുന്നു. 73 ാം മിനിറ്റില്‍ സഞ്ജീവ് സ്റ്റാലിനും 85 ാം മിനിറ്റില്‍ ജിതേന്ദ്ര സിങും ഇന്ത്യയുടെ ഗോള്‍ പട്ടിക തികച്ചു.