പരിശീകലനെ തെരഞ്ഞെടുക്കുന്നതിന് വേതനം നല്‍കണമെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും
|ഉപദേശക സമിതിയെ നിയോഗിച്ച അന്നത്തെ ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയ തുടക്കത്തില്‍ തന്നെ ഇത്തരമൊരു അപേക്ഷ തള്ളിക്കളഞ്ഞതായിരുന്നുവെന്ന്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്ന ജോലിക്ക് അര്‍ഹമായ വേതനം നല്‍കണമെന്ന് ക്രിക്കറ്റ് ഉപദേശക സമിതിയംഗങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറും സൌരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണനും. വ്യാഴാഴ്ച ലോര്‍ഡ്സില്‍ യോഗം ചേര്‍ന്ന ശേഷം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. വേതനമില്ലാത്ത സേവനത്തിന് താത്പര്യമില്ലെന്ന നിലപാടാണ് മൂവരും കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ ജോഹ്റി ഇക്കാര്യം അറിയിക്കാനാണ് സാധ്യത. വിനോദ് റായ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടത്.
അതേസമയം ഇവര്‍ക്ക് വേതനം നല്‍കേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗത്തിനുള്ളത്. ഉപദേശക സമിതിയെ നിയോഗിച്ച അന്നത്തെ ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയ തുടക്കത്തില്‍ തന്നെ ഇത്തരമൊരു അപേക്ഷ തള്ളിക്കളഞ്ഞതായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബിസിസിഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപസമിതികള്ക്കൊന്നും വേതനമില്ലാത്ത സാഹചര്യത്തില്‍ ഉപദേശക സമിതിക്ക് മാത്രമായി ഈ കീഴ്വഴക്കം ലംഘിക്കുന്നത് ഉചിതമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗാംഗുലി നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനാണ്. ഇതുകൂടാതെ ഗാംഗുലിയും ലക്ഷ്മണും ബിസിസിഐയുടെ കരാറിന് കീഴില്‍ വരുന്ന കമന്റേറ്റര്‍മാരാണ്.
ബിസിസിഐ ഉപസമിതിയംഗങ്ങള്ക്ക് പതിവായി നല്കുന്ന ആനുകൂല്യങ്ങള്‍ ഉപദേശക സമിതിക്കും നല്‍കുന്നുണ്ട്. മീറ്റിംഗുകള്‍ ഉള്ള ദിവസങ്ങളിലെ താമസം, ദൈനംദിന അലവന്‍സ്, സഞ്ചരിക്കാനുള്ള കാര്‍ എന്നിവയാണ് പതിവ് ചട്ടം.