Sports
അഞ്ചാം മിനിറ്റില്‍ വിജയഗോള്‍; യൂറോയില്‍ സ്വിസ് കുതിപ്പ്അഞ്ചാം മിനിറ്റില്‍ വിജയഗോള്‍; യൂറോയില്‍ സ്വിസ് കുതിപ്പ്
Sports

അഞ്ചാം മിനിറ്റില്‍ വിജയഗോള്‍; യൂറോയില്‍ സ്വിസ് കുതിപ്പ്

admin
|
6 May 2018 9:09 AM GMT

യൂറോകപ്പില്‍ അല്‍ബേനിയന്‍ സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍ വന്ന ഇന്നത്തെ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം.

യൂറോകപ്പില്‍ അല്‍ബേനിയന്‍ സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍ വന്ന ഇന്നത്തെ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം. അല്‍ബേനിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡ് തോല്‍പ്പിച്ചത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഫാബിയന്‍ ഷാറാണ് സ്വിറ്റ്സര്‍ലന്‍ഡിനായി വിജയ ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആറ് തവണ അല്‍ബേനിയക്കാര്‍ ഏറ്റുമുട്ടി. അഞ്ചിലും തോല്‍വിയായിരുന്നു ഫലം. പ്രതീക്ഷകളും പേറി തന്നെയാണ് ഇക്കുറിയും അല്‍ബേനിയക്കാര്‍ ബൂട്ടുകെട്ടിയത്.

2016 യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ ഗോളുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയഗാഥ. സ്‌കോറിങ്ങില്‍ മുന്നേറ്റക്കാരായ സാദിഖ്, ലെഞ്ഞാനി,റോഷി എന്നിവര്‍ പിഴവ് ഒഴിവാക്കിയിരുന്നെങ്കില്‍ യൂറോയിലെ കന്നിക്കാരായ അല്‍ബേനിയയുടെ അരങ്ങേറ്റം ഒരു ചരിത്രമാകുമായിരുന്നു. അല്‍ബേനിയാ - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിന്റെ സവിശേഷത അല്‍ബേനിയയുടെ രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതായിരുന്നു. സ്വിസ് ടീമിലെ ഭൂരിപക്ഷം പേരും അല്‍ബേനിയക്കാര്‍ ആണ്. ചേട്ടന്‍ ഗ്രാനീട്റ്റ് ഷക്കാ സ്വിസ് ടീമിലും അനിയന്‍ തൗലണ്ട് ഷക്കാ അല്‍ബേനിയക്കും ബൂട്ട് കെട്ടുന്നു. ശക്കീരി, യൊറൂ, മേഹമീടി, ബെരാമീ എന്നിവരൊക്കെ സ്വിസ് അല്‍ബേനിയക്കാര്‍ തന്നെ. 37 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് നായകന്‍ ലൊറിക് കാന പുറത്തുപോയതോടു കൂടി നാഥനില്ലാ കളരിയായി അല്‍ബേനിയന്‍ ടീം. പിന്നീടങ്ങോട്ട് പത്തു പേരുമായി മൈതാനത്ത് പോരടിച്ച അല്‍ബേനിയ കൂടുതല്‍ ഗോള്‍ വഴങ്ങാതിരുന്നത് ഗോള്‍കീപ്പറുടെയും കരുത്തുറ്റ പ്രതിരോധ നിരയുടെയും ബലത്തിലായിരുന്നു.

Similar Posts