ഇന്ദര്‍ജിത്ത് സിംഗും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു
|നേരത്തെ എ സാമ്പിള്‍ പരിശോധനയില്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നാഡ ബി സാമ്പിള്‍ പരിശോധിച്ചത്. ഇതോടെ ഇന്ദര്‍ജിത് സിംഗ് ഒളിമ്പിക്സില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായി...
ഷോട്ട്പൂട്ട് താരം ഇന്ദര്‍ജിത് സിംഗിന്‍റെ ഒളിമ്പിക്സ് സാധ്യത അടയുന്നു. ബി സാമ്പിള്‍ ഉത്തേജക പരിശോധനയിലും പരാജയപ്പെട്ടതോടെ താരത്തെ കാത്തിരിക്കുന്നത് നാല് വര്‍ഷത്തെ വിലക്ക്. നേരത്തെ എ സാമ്പിള്‍ പരിശോധനയില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിതായി തെളിഞ്ഞതോടെയാണ് ഇന്ദര്‍സിംഗിനെ ബി സാമ്പിള്‍ പരിശോധനക്ക് നാഡ വിധേയനാക്കിയത്.
ജൂണ്‍ 22ന് നാഡ നടത്തിയ ആദ്യ പരിശോധനയില്‍ ഇന്ദര്‍ജിത്ത് നിരോധിത മരുന്നായ അന്‍ഡ്രാസ്റ്റിറോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബി സാമ്പിള്‍ പരിശോധന നടത്തിയത്. ഇതിലും നിരോധിത മരുന്ന ഉപയോഗിച്ചതായി തെളിഞ്ഞു. ഇതോടെ 28കാരനായ ഇന്ദ്രജിത് സിംഗിനെ കാത്തിരിക്കുന്നത് നാല് വര്‍ഷത്തെ വിലക്കാണ്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ ഇന്ദ്രജിത് ആരോപിച്ചിരുന്നു.
നാഡ പരിശോധന റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. എന്നാല്‍ നര്‍സിംഗ് യാദവിന്‍റെ കേസില്‍ ഉണ്ടായത് പോലെ, ആരോപണത്തിന് സാധുത നല്‍കുന്ന തെളിവുകളൊന്നും ഇതുവരെ ഇന്ദ്രജിത് സമര്‍പ്പിച്ചിട്ടില്ല. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഇന്ദ്രജിത് താല്‍ക്കാലിക സസ്പെന്‍ഷനിലാണ്. ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിയാണ് ഇന്ദ്രജിതിന് നല്‍കേണ്ട ശിക്ഷാ നടപടി തീരുമാനിക്കേണ്ടത്.
കഴിഞ്ഞ ഏഷ്യന്‍ അതലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ദര്‍ജിത് സിംഗ് റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്നു. ഉത്തേജക വിവാദത്തില്‍ കുരുങ്ങി ഒളിമ്പിക്സില്‍ നിന്ന് പുറത്താകുമ്പോള്‍ 28കാരനായ ഇന്ദര്‍ജിതിന്‍റെ കരിയറിന് തന്നെയാണ് കര്‍ട്ടന്‍ വീഴുന്നത്.